Saturday, December 28, 2024
GeneralLatest

വെർച്വൽ മ്യൂസിയത്തിൻ്റെ അപാരതകൾ ഇനി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിലും


സി.എം ജംഷീർ

കോഴിക്കോട്: ഏതാണ്ട് മരണവിളി കേട്ടു തുടങ്ങിയിരുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അവിസ്മരണീയമായൊരു തിരിച്ചു വരവ് നടത്തിയത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്.നാടൊട്ടുക്കും തലയുയർത്തി നിൽക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറിയ പകിട്ടുള്ള സർക്കാർ സ്കൂളുകൾ ദീർഘവീക്ഷണത്തിന്റെയും ആസൂത്രണമികവിന്റെയും അർപ്പണബോധത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്.  ഭൗതിക-അക്കാദമിക സൗകര്യങ്ങളുടെ സമൃദ്ധിയിൽ ചരിത്രം കുറിച്ച ഈ വിദ്യാലയങ്ങൾ ഇപ്പോഴിതാ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ അവസാനത്തെ അന്താരാഷ്ട്ര നേട്ടങ്ങളെയും.പ്രയോജനപ്പെടുത്തി മുമ്പോട്ട് കുതിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂൾ

ആണ് വെർച്വൽ റിയാലിറ്റിയുടെ സാധ്യതകളെ വിദ്യാഭ്യാസ-പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ച് കൊണ്ട് രാജ്യത്തിന് മാതൃകയായിരിക്കുന്നത്.മുൻ എം എൽ എ ശ്രീ എ പ്രദീപ് കുമാറിന്റെ പ്രിസം വിദ്യാഭ്യാസ പദ്ധതിൽ ഉൾപ്പെട്ട് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാലയമാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂൾ. ക്യാമ്പസ് ഹൈസ്‌കൂളിൽ ഒരുക്കിയിരിക്കുന്ന വെർച്വൽ മ്യൂസിയത്തിൽ പ്രവേശിച്ചാൽ നമുക്ക് ആമസോൺ കാടുകളിലെയും പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെയും വൈവിധ്യമുള്ള ജീവജാലങ്ങളെ അടുത്ത് നിന്ന് കാണാം .

കോൺസ്റ്റാനിപ്പോൾ കീഴടക്കുന്നതിന് തുർക്കികളെ സഹായിച്ച പീരങ്കിയും ടിപ്പു സുൽത്താന്റെ ഉടവാളും മാത്രമല്ല ലോകപ്രശസ്തമായ അത്യപൂർവപെയിന്റിങ്ങുകളും അതിപുരാതന കാലത്തെ നാണയങ്ങളും ഉപകരണങ്ങളും ഇവിടെ നമുക്ക് തൊട്ടറിയാം ചന്ദ്രനും സൂര്യനും ചൊവ്വയും സ്കൈലാബും പി എസ് എൽ വിയും അപ്പോളോ 11ഉം ഒക്കെ യഥാർത്ഥ രൂപങ്ങളായി ഇവിടെ കാണാം. ഓരോന്നിനെക്കുറിച്ചും ആവശ്യാനുസരണം വിവരങ്ങൾ പറഞ്ഞു തരാനുള്ള ഡിജിറ്റൽ ക്യുറേറ്ററും മ്യൂസിയത്തിലുണ്ട് .കുട്ടികളുമായി സജീവമായി സംവദിക്കുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങളാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂൾ ഒരുക്കിയ മറ്റൊരു സവിശേഷത. പാഠപുസ്തകത്തിലെ നിശ്ചലചിത്രങ്ങൾക്ക് മേൽ മൊബൈൽ ഫോൺ വെക്കുമ്പോൾ അവ ത്രിമാന രൂപങ്ങളായി നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും സ്വയം വിശദീകരിക്കുകയും ചെയ്യും.ഓഗ് മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസിപ്പിച്ച ഒരു സവിശേഷ ആപ്ലിക്കേഷനാണ് പുസ്തകങ്ങളെ ഇതുപോലെ Interactive ആക്കുന്നത്. പരീക്ഷണങ്ങൾ വെർച്വൽ ആയി ചെയ്യാവുന്ന ശാസ്ത്രലാബും ഇവിടെ ഒരുക്കുന്നുണ്ട്.കോഴിക്കോട് സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന Iluzia Labs എന്ന Edu Tech സ്ഥാപനമാണ് ക്യാമ്പസ് ഹൈസ്‌കൂളിൽ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസമ്പർ 20 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ സാങ്കേതിക സംവിധാനങ്ങൾ ഔപചാരികമായി സ്കൂളിന് സമർപ്പിക്കും വിദ്യാഭ്യാസ-മീഡിയ രംഗങ്ങളിൽ അന്താരാഷ്ട്ര വിദഗ്ധരുള്ള സ്ഥാപനമാണ് Iluzia. ഉപകരണങ്ങൾക്ക് വേണ്ടി വരുന്ന മുടക്ക് മുതൽ മാത്രം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊ, പി ടി എ യൊ തയ്യാറായാൽ ഈ സംവിധാനങ്ങൾ എല്ലാ സ്കൂളുകളിലും സ്ഥാപിക്കാൻ ഒരുക്കമാണെന്ന് സർക്കാർ സ്റ്റാർട്ടപ്പ് പ്രോജക്ട് കൂടിയായ Iluzia യുടെ അധികൃതർ പറയുന്നു


Reporter
the authorReporter

Leave a Reply