Thursday, December 26, 2024
Latest

ഉപരിപഠനത്തിന് യുഎൽ സ്പേസ് ക്ലബ്ബിലെ കുട്ടിശാസ്ത്രജ്ഞർ ഇനി മൂന്നു ദിവസം തലസ്ഥാനത്ത്


കോഴിക്കോട്: കോഴിക്കോട് യുഎൽ സ്പേസ് ക്ലബ്ബിലെ കുട്ടിശാസ്ത്രജ്ഞർ മൂന്ന് ദിവസം തിരുവനന്തപുരത്ത്. വാനനിരീക്ഷണവും ലാബ് പരീക്ഷണങ്ങളും വിദ്യാർത്ഥികളുടെ ശാസ്ത്രാവതരണങ്ങളും വിദഗ്ദ്ധരുമായുള്ള സംവാദങ്ങളും ക്ലാസുകളും ഒക്കെയായി നടക്കുന്ന ത്രിദിന സ്പേസ് ക്യാമ്പിലേക്ക് ഇവർ ഇന്നലെ വൈകിട്ട് പുറപ്പെട്ടു.

കുട്ടികളിൽ ബഹിരാകാശശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്താൻ ഉദ്ദേശിച്ചുള്ളതാണു ക്യാമ്പ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലും വിക്രം സാരാബായ് സ്പേസ് സെന്ററിലും ബഹിരാകാശശാസ്ത്രവിദ്യാഭ്യാസസ്ഥാപനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഐ.ഐ.എസ്‌.റ്റി.)യിലുമായാണു നടക്കുന്നത്. ഇവയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, ആസ്റ്റ്രോ കേരള എന്നിവയുടെയും സഹകരണമുണ്ട്.

കോഴിക്കോട്ടുനിന്നുള്ള ഈ 17 കൊച്ചുശാസ്ത്രജ്ഞർക്കൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നു തെരഞ്ഞെടുത്ത, സ്പേസ് സയൻസിൽ സമർത്ഥരും സ്പേസ്, സയൻസ് പരിപാടികളിൽ താത്പര്യമുള്ളവരുമായ, 15 വീതം കുട്ടികളും സ്പേസ് ക്യാമ്പിൽ ഉണ്ടാകും. ആകെ 62 കുട്ടികൾ. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 200 കുട്ടികൾ ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും.

കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് ക്യാമ്പിന്റെ മുഖ്യകേന്ദ്രം. വിക്രം സാരാഭായ് സ്പേസ് സെന്ററിലും ബഹിരാകാശശാസ്ത്രവിദ്യാഭ്യാസസ്ഥാപനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഐ.ഐ.എസ്‌.റ്റി.)യിലുമൊക്കെ ഓരോ പൂർണ്ണദിവസം സന്ദർശനം നടത്തുന്ന സംഘം പ്രമുഖശാസ്ത്രജ്ഞരും മറ്റു വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുകയും 25-ന് റോക്കറ്റ് വിക്ഷേപണം കാണുകയും ചെയ്യും.

യുവശാസ്ത്രജ്ഞർക്ക് അത്യന്താപേക്ഷിതമായ ശേഷി-വൈദഗ്ദ്ധ്യങ്ങൾ എന്ന വിഷയത്തിൽ വിദഗ്ദ്ധരുടെ പാനൽ ചർച്ച, ബഹിരാകാശത്തിലെ ഗണിതപ്രചോദനങ്ങളെപ്പറ്റി പ്രഭാഷണം, ഡാർക്ക് ലൈറ്റ് ഫോട്ടോഗ്രാഫിയിൽ‍ ഓദാഹരണപ്രഭാഷണം, ഐ.ഐ.എസ്.റ്റി., എൽ‍.പി.എസ്.സി., കുസാറ്റ്, ആസ്‌ട്രോ കേരള എന്നിവയുമായി ചേർന്നു വാനനിരീക്ഷണം, ക്ലബ്ബിൽ പുതുതായി ചേരുന്ന വിദ്യാർത്ഥികളുടെ അവതരണങ്ങൾ, ഐ.ഐ.എസ്.റ്റിയിലെ പരീക്ഷണശാലകളിലെ സന്ദർശനവും വിവിധ സെഷനുകളും, മംഗൾ‍യാൻ‍ ഷോ, വി.എസ്.എസ്.സി. സന്ദശനവും റോക്കറ്റ് വിക്ഷേപണം കാണലും എന്നിങ്ങനെ വിപുലമാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ.

വെബ്സൈറ്റും സമൂഹമാദ്ധ്യമങ്ങളും വഴി നല്കിയ അറിയിപ്പുപ്രകാരം അപേക്ഷിച്ച 200-ഓളം പേരിൽനിന്ന് കഴിവുകളും നേട്ടങ്ങളും താല്പര്യങ്ങളും ഓൺലൈൻ അഭിമുഖത്തിലൂടെയും പ്രസന്റേഷനിലൂടെയും വിലയിരുത്തിയാണ് കുട്ടിശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തത്. കുട്ടികളിൽ ബഹിരാകാശശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യു.എൽ. ഫൗണ്ടേഷൻ 2016-ൽ തുടങ്ങിയ സംരംഭമാണ് യു.എൽ. സ്പേസ് ക്ലബ്ബ്.

അമേരിക്കയിലും മറ്റുമുള്ള മികച്ച സ്പേസ് ക്ലബ്ബുകളുടെ നിലവാരത്തോടു കിടപിടിക്കുന്ന, എന്നാൽ കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന, ഈ ക്ലബ്ബിൽ എല്ലാം സൗജന്യമാണ്. ശ്രീഹരിക്കോട്ടയിൽ ഉപഗ്രഹവിക്ഷേപണത്തിനു ക്ഷണിക്കപ്പെട്ടതടക്കം ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും കൈവരിച്ചവരാണ് ക്ലബ്ബംഗങ്ങൾ. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കോഴിക്കോടിന്റെ നാനാഭാഗങ്ങളിലും പുറത്തുംനിന്നുള്ളവർ പങ്കെടുത്തുവരുന്നു.

ഐ.എസ്.ആർ.ഒ. മുൻ ഡിറക്റ്റർ ഇ.കെ. കുട്ടി നേതൃത്വം നല്കുന്ന ക്ലബ്ബിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽനിന്നു പൊതുപരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നവർക്കാണ് അംഗത്വം നല്കുക. നിലവിൽ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നൂറോളം അംഗങ്ങളുണ്ട്. അതിലേറെപ്പേർ അനുബന്ധഗ്രൂപ്പുകളിലും ഉണ്ട്. ഇവരിൽ സ്റ്റൂഡന്റ് ഫെലോസ് ആയി പ്രവർത്തിക്കുന്ന 17 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്..


Reporter
the authorReporter

Leave a Reply