Thursday, December 26, 2024
Latest

ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒ.എന്‍.ജി.സിയുടെ ഹെലികോപ്റ്റർ അറബിക്കടലില്‍ പതിച്ചു: നാല് പേര്‍ മരിച്ചു


ഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒ.എന്‍.ജി.സിയുടെ ഹെലികോപ്റ്റർ അറബിക്കടലില്‍ പതിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. പവന്‍ ഹാന്‍സ് സികോര്‍സ്‌കി എസ്-76 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടര്‍ യാത്രികരില്‍ ആറ് പേര്‍ ഒ.എന്‍.ജി.സി ജീവനക്കാരും, ഒരാള്‍ കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാരനുമാണ്.

മുംബൈ ഹൈയില്‍ സ്ഥിതി ചെയ്യുന്ന, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ സായ് കിരണ്‍ റിഗിൽ ഹെലികോപ്ടര്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാനിടയായ കാരണം വ്യക്തമല്ല. അപകടമുണ്ടായ ഉടൻ തന്നെ ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും, നാല് പേര്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.

അതേസമയം, മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, ഹെലികോപ്ടര്‍ ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് കമ്പനി വക്താവ് അറിയിച്ചത്. അപകടം നടന്ന സ്ഥലത്തിന് സമീപത്ത് തന്നെയുണ്ടായിരുന്ന സാഗര്‍ കിരണില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിയാണ് ഒരാളെ രക്ഷപ്പെടുത്തിയത്.

എം.ആര്‍.സി.സി മുംബൈയുടെ നിര്‍ദ്ദേശപ്രകാരം രക്ഷാദൗത്യത്തില്‍ പങ്കാളിയായ മാള്‍വിയ-16 എന്ന കപ്പലാണ്‌ മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മറ്റൊരു കപ്പലും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.


Reporter
the authorReporter

Leave a Reply