General

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ബിജെപിയുടെ പരാതിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നോട്ടീസ്


കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ബിജെപി നൽകി പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കോഴിക്കോട് കലക്ട‌ർ നോട്ടിസ് നൽകി. ഒരാഴ്‌ചയ്ക്കകം മന്ത്രി മറുപടി നൽകണം. കോഴിക്കോട്ട് കായികമേഖലയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചാപരിപാടിയിൽ നടത്തിയ പ്രഖ്യാപനമാണ് മന്ത്രിക്ക് വിനയായത്.

കോഴിക്കോട് ‌സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ തീരുമാനിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് നിയമ വിരുദ്ധമാണമെന്നാരോപിച്ചാണ് ബിജെപി പരാതി നൽകിയത്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വീഡിയോഗ്രാഫർ മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ എടുക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം ഭീഷണിപ്പെടുത്തുകയും, ബലപ്രയോഗത്തിലൂടെ വീഡിയോയിലെ ദൃശ്യങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്നും ബിജെപി നൽകിയ പരാതിയുണ്ട്.


ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കലക്ടറുടെ പ്രാഥമിക നിരീക്ഷണം. എന്നാൽ താൻ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോഴിക്കോട്ട് പറഞ്ഞത് പഴയ പ്രഖ്യാപനമാണ്. സർക്കാർ ചെയ്‌ത നല്ല കാര്യങ്ങൾ ഇനിയും പറയുമെന്നും റിയാസ് വ്യക്തമാക്കി. ‘കോഴിക്കോടിന്റെ വികസനത്തിന് കായിക ലോകം ഒന്നിക്കുന്നു’ എന്ന പരിപാടിയിലാണ് മന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ പ്രസംഗിച്ചത്. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എളമരം കരീം വിജയിച്ചാൽ കായിക കേരളത്തിന് സംസ്ഥാന സർക്കാർ കൂടി സംഭാവന നൽകുമെന്ന തരത്തിലുള്ള പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്.


Reporter
the authorReporter

Leave a Reply