General

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍


കൊച്ചി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നിലവിലെ പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്നും സി.പി.എം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കുടുംബം കോടതിയെ അറിയിച്ചു.

അതേസമയം, കേസില്‍ നിര്‍ണായക തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയുടെ കോള്‍ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹരജിയില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ 3 ന് വിധി പറയും.

കളക്ടറേറ്റിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ നമ്പറല്ലാതെ മറ്റുഫോണ്‍ നമ്പറുകള്‍ കളക്ടറോ, പ്രശാന്തോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റ കോള്‍ഡാറ്റ റെക്കോഡുകളും ടവര്‍ ലൊക്കേഷനുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക വ്യക്തമാക്കിയിരുന്നു.


Reporter
the authorReporter

Leave a Reply