കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി.സൂര്യദാസിനെ കോഴിക്കോട് എന്‍.ഐ.ടി ആദരിച്ചു. എന്‍.ഐ.ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ പൊന്നാടയണിയിച്ച് മെമന്റോ സമ്മാനിച്ചു. പതിറ്റാണ്ടുകളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസരം നിഷേധിക്കപ്പെട്ട് കഴിയുന്ന ആദിവാസി,
ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രയാസം തുറന്നുകാട്ടി എം.പി.സൂര്യദാസ് 2015ല്‍ നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ 2024ല്‍ നടന്ന 63ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ആദിവാസി ,ഗോത്ര മേഖലയില്‍നിന്ന് അഞ്ച് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്ന് എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ വ്യക്തമാക്കി. സാമൂഹ്യപ്രസക്തിയുള്ള ഇത്തരം ഒട്ടേറേ വിഷയങ്ങള്‍ സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സൂര്യദാസ് നടത്തിയ ഇടപെടല്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഉന്നതവ്യക്തികളെ ആദരിക്കാന്‍ എന്‍.ഐ.ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം തീരുമാനിച്ച പ്രകാരം ആദരിക്കുന്ന ആദ്യ വ്യക്തിയാണ് സൂര്യദാസ്.
ചടങ്ങില്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം ചെയര്‍പേഴ്‌സണ്‍ ഡോ.ആര്‍.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആന്റ് റിസര്‍ച്ച് സ്‌കോളര്‍ ഇന്‍ മൈന്‍ഡ് ഫുള്‍നസ് മെഡിറ്റേഷന്‍
പ്രൊഫ. വര്‍ഗീസ് മാത്യു,
ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് വിഭാഗം മേധാവി ഡോ.ടി.കെ.സിന്ധു,കമ്പ്യുട്ടര്‍ എഞ്ചിനിയറിങ്ങ് വിഭാഗം മേധാവി ഡോ.ആര്‍.സുഭാഷിണി,ഡീന്‍ ഡോ.എം.എസ്.സുനിത, സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ ഡോ. സത്യാനന്ദ പാണ്ഡെ, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആഷിഷ് അവസ്തി, ഡീന്‍ (ആര്‍ ആന്റ് സി) ഡോ. എന്‍.സന്ധ്യാറാണി, ഇന്റര്‍നാഷണല്‍, അലൂമിനി ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് ഡീന്‍ ഡോ. എം.കെ.രവിവര്‍മ്മ, സെന്റര്‍ ഫോര്‍ യോഗ ആന്റ് ഹോളിസ്റ്റിക്ക് വെല്‍നസ് ചെയര്‍പേഴ്‌സണ്‍ ഡോ.എ.കെ.കസ്തൂര്‍ഭ എന്നിവര്‍ സംസാരിച്ചു. എം.പി.സൂര്യദാസ് മറുപടി പ്രസംഗം നടത്തി.