സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല. റിസർവ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങൾക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന.
സഹകരണ സംഘങ്ങൾ (കോഓപ്പറേറ്റീവ് സൊസൈറ്റികൾ) ബാങ്കുകളല്ലെന്നാണ് റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയത്. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം റിസർവ് ബാങ്കിൻറെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതിൽ ആർ.ബി.ഐ സഹകരണ സംഘങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.
ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും. 2020 സെപ്റ്റംബറിൽ നിലവിൽ വന്ന ബാങ്കിങ് റഗുലേഷൻ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങൾക്കു ബാങ്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നത്.