Monday, May 20, 2024
Art & CultureGeneralLatest

നടന്‍ നെടുമുടി വേണു അന്തരിച്ചു.


തിരുവനന്തപുരം: അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

 

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.

തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply