Tuesday, May 14, 2024
EducationLatest

താമരശ്ശേരി ചുരത്തിൽ പ്രകൃതി പഠനമഴയാത്ര


വൈത്തിരി : വിദ്യാലയപരിസ്ഥിതി ക്ലബ്ബുകളുടെയും പ്രകൃതി – പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ നടക്കുന്ന മഴ യാത്രയുടെ പതിനെട്ടാം വാർഷികം കാലാവസ്ഥവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടന്നു. മഴ നനയാം – പ്രകൃതിയെ അറിയാം എന്ന സന്ദേശമെഴുതിയ നൂറ് കണക്കിന് പ്ലക്കാർഡുകളുമായി വയനാട് , മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നൂറിലധികം വിദ്യാലയങ്ങളിൽ നിന്ന് 2864 വിദ്യാർത്ഥികളും അവരുടെ അധ്യാപകരും പ്രകൃതി പഠന യാത്രയിൽ പങ്കാളികളായി. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് അങ്കണത്തിൽ രാവിലെ പത്ത് മണിക്ക് അടിവാരം – വയനാട് ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി ഉദ്ഘാടനം ചെയ്തു. പുതു പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷറീഫ് അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ , ദർശനം വനിത വേദി ജോയിന്റ് കൺവീനർ എം എൻ രാജേശ്വരി , ദർശനം ബാലവേദി മെന്റർ പി ജസലുദീൻ, ഗ്രീൻ കമ്യുണിറ്റി ചെയർമാൻ ഷൗക്കത്തലി ഏറോത്ത് എന്നിവർ പ്രസംഗിച്ചു. മഴയാത്ര കോർഡിനേറ്റർ പി രമേഷ് ബാബു പരിസ്ഥിതിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി സിദ്ധാർത്ഥൻ സ്വാഗതവും കേരള എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ പ്രതാപ് മൊണാലിസ നന്ദിയും പറഞ്ഞു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി ചെയർമാൻ പ്രൊഫ.ടി ശോഭീന്ദ്രൻ ചുരം വ്യൂ പോയിന്റിൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യാത്രയിലുടനീളം സഞ്ചരിച്ച് താമരശ്ശേരി ചുരത്തിന്റെ ജൈവ വൈവിധ്യത്തെ പറ്റി നാടൻ പാട്ടുകളിലൂടെയും കവിതകളിലൂടെയും ആർട്ടിസ്റ്റ് ശ്രീനി പാലേരി സർഗ്ഗാത്മക സാന്നിധ്യം അറിയിച്ചു. കൊയിലാണ്ടി നഗരസഭ സി ഡി എസ് ചെയർ പേഴ്സൺ കെ കെ വിബിനയുടെ നേതൃത്വത്തിൽ കുടുംബശ്രീ ബാലസഭയിലെ 44 വിദ്യാർത്ഥികളും 10 പ്രവർത്തകരും മഴയാത്രയിൽ അണിനിരന്നു. 151 വിദ്യാർത്ഥികളെ പങ്കെടുപിച്ച മെഡിക്കൽ കോളേജ് കാമ്പസ് ഗവ.ഹൈസ്കൂൾ ദർശനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ സിജേഷ് എൻ.ദാസ് സ്മാരക ട്രോഫിക്ക് അർഹരായി. 75 വിദ്യാർത്ഥികളുമായി എത്തിയ മാക്കൂട്ടം എ എം യു പി സ്കൂൾ രണ്ടാം സ്ഥാനവും 68 കുട്ടികളുമായി എത്തിയ പന്നിക്കോട്ടൂർ എ എം യു പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകർക്ക് തത്സമയ ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായി. എനർജി മാനേജ്മെന്റ് സെന്റർ – കേരള, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാലയ എക്കോ ക്ളബ്ബുകൾ, കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി , ദേശീയ ഹരിത സേന, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത്, ചുരം സംരക്ഷണ സമിതി, പോലീസ് -വനം വകുപ്പുകൾ, കേരള എഡ്യൂക്കേഷൻ കൗൺസിൽ എന്നിവ പരിപാടി വിജയിപ്പിക്കാൻ രംഗത്തുണ്ടായി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് 2 മണിക്കൂറിന് ശേഷം തകരപ്പാടിയിൽ വച്ച് യാത്ര അവസാനിപ്പിച്ചു.


Reporter
the authorReporter

Leave a Reply