ഇടുക്കി: ഇടുക്കി ജില്ലയിലെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നാടിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.
2040 ഓടെ കേരളം സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയില്‍ നിലവില്‍ 43 ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 12 എണ്ണവും ഇടുക്കിയിലാണ്.
തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിക്കു പുറമേ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാര്‍ ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ജലവൈദ്യുത പദ്ധതി, പൂവാരംതോട് ജലവൈദ്യുത പദ്ധതി, ചെങ്കുളം ജലവൈദ്യുത പദ്ധതി, പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്.