General

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണിന് തമിഴകത്തിന്റെ വീരവണക്കം

Nano News

  1. ചെന്നൈ: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണിന് തമിഴകത്തിന്റെ വീരവണക്കം. ചെന്നൈ ടി നഗറിലെ സിപിഐ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്ട്രീയ- കലാ-സാംസ്ക്കാരിക-സിനിമാ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടൻ രജനീകാന്ത്, നടനും ടി വി കെ അധ്യക്ഷനുമായ വിജയ്, എംഡിഎം കെ ജനറൽ സെക്രട്ടറി വൈക്കോ, നടൻമാരായ സൂര്യ, കാർത്തി, വിജയ് സേതുപതി, സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരൻ തുടങ്ങിയവരെല്ലാം നല്ലകണ്ണിന് അന്തിമോപചാരമർപ്പിച്ചു.
    രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാധാരണക്കാരുടെ അവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിപ്ലവകാരിയായിരുന്നു നല്ലകണ്ണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളും ദ്രാവിഡ രാഷ്ട്രീയവും ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ട ഇരട്ടക്കുഴൽ തോക്കുകൾ പോലെയാണെന്ന് വിശ്വസിച്ച നേതാവായിരുന്നു നല്ലകണ്ണെന്ന് സ്റ്റാലിൻ പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡ മോഡൽ സർക്കാരിന് വേണ്ടി നല്ലകണ്ണിന് തഗെെസാൽ തമിഴർ പുരസ്കാരം നൽകാൻ സാധിച്ചത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്ത ഒരാളായിരുന്നു നല്ലകണ്ണെന്ന് നടൻ കമൽഹാസൻ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്ത്വം നിലനിൽക്കട്ടെയെന്നും പ്രവർത്തനങ്ങൾ തങ്ങളിലൂടെ തുടരുമാറാകട്ടെയെന്നും കമൽഹാസൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു നല്ല കണ്ണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ അതുല്യമായ ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്നും നടൻ ജീവ പറഞ്ഞു. ജീവിതത്തിൽ ലാളിത്യവും സത്യസന്ധതയും ജനങ്ങളോടുള്ള സ്നേഹവും എന്നും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു നല്ലകണ്ണെന്ന് സംഗീത സംവിധായകൻ ഡി ഇമ്മൻ പറഞ്ഞു.
    3 വർഷം സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന നല്ലകണ്ണ് ഈ മാസം ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
    15-ാം വയസിൽ കമ്യൂണിസ്റ്റ് പാർടി അം​ഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു. തമിഴ്‌നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്തിനടുത്തുള്ള പെരുപത്ത് ഗ്രാമത്തിലാണ് നല്ലകണ്ണ് ജനിച്ചത്. ചെറുപ്പം മുതലേ ദേശസ്നേഹം വെച്ചുപുലർത്തുകയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി. ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവും സാമൂഹ്യനീതിയും സ്ഥാപിക്കുന്നതിനുള്ള സമരങ്ങൾക്കുംവേണ്ടി അദ്ദേഹം സമർപ്പിക്കുകയായിരുന്നു. ലളിതജീവിതംകൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾകൊണ്ടും ഏറെ ജനകീയനായിരുന്നു നല്ലകണ്ണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടതിനും പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1948 ൽ നെല്ലായ് ഗൂഢാലോചനകേസിൽ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായ അദ്ദേഹം ഏഴ് വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ചു. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾക്കുമെതിരെ വിവിധ  പേരാട്ടങ്ങൾക്ക്  നൽകി. ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അംബേദ്കർ അവാർഡ്, പ്രഥമ തഗൈസൽ തമിഴർ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചു. പരേതയായ രഞ്ജിതം അമ്മാളാണ് ഭാര്യ. ആണ്ടാൾ, കാശി ഭാരതി എന്നിവർ മക്കൾ. മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പഠനത്തിനായി മദ്രാസ് മെഡിക്കൽ കോളെജിന് കൈമാറും.
    ……………

Reporter
the authorReporter

Leave a Reply