Saturday, January 25, 2025
EducationLatest

നാക് A++ ഗ്രേഡ് : സാഫി ഇൻസ്റ്റിറ്റ്യൂട്ടിനിത് അഭിമാന മുഹൂർത്തം


വാഴയൂർ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ്സ് പ്ലസ്സ് ഗ്രേഡ് നേടി വാഴയൂർ സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി.3.54 പോയന്റ് നേടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാനമായ സാഫി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് കരസ്തമാക്കിയത്.

ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ ജനവിഭാഗങ്ങളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2005 -ൽ സ്ഥാപിതമായ ‘സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ എന്ന സാഫി അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചയായി യു.ജി.സി. നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് കൈവരിച്ച് മികവിന്റെ കേന്ദ്രമായിരിക്കുകയാണ്.

മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയിൽ തനത് മുദ്ര പതിപ്പിച്ച സാഫി ഇൻസ്റ്റിറ്റ്യൂട്ട് , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ഗവേഷണപ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിദേശ യൂണിവേഴ്സിറ്റികളുമായി സാഫി ഇൻസ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയിൽ മികച്ച മാതൃകയാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

കഴിഞ്ഞ 5 വർഷ കാലമായി
പഠന ഗവേഷണ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ റാങ്കുകൾ തുടർച്ചയായി കരസ്ഥമാക്കുന്നത് സാഫി ഇൻസ്റ്റിറ്റ്യൂട്ടാണ്. വിദ്യാർത്ഥികൾക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റുഡന്റ് സപ്പോർട്ട്, സ്കോളർഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങൾ, പഠന പാഠ്യേതര പരിഷ്കാരങ്ങൾ, തൊഴിൽ രഹിതരായ പ്രവാസികൾക്കായി ഒരുക്കുന്ന റിഹാബിലിറ്റേഷൻ പദ്ധതി, ഹ്യൂമൻ റിസോഴ്സ് സെന്റർ, സയൻസ് റിസർച്ച് സെന്റർ, ലീഡേഴ്‌സ് അക്കാദമി, അലുംനി കെയർ എന്നീ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച് മികവിന്റെ കേന്ദ്രമായാണ് സാഫി ഇന്നറിയപ്പെടുന്നത്.

സാഫിയുടെ സർവതോൻമുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെൻറ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. വ്യത്യസ്ത സാമൂഹ്യ മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻ ശേഷിയും നേതൃപാഠവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന ‘ലീഡേഴ്സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അന്തർദേശീയ പരീശീലനങ്ങൾ ഈ പദ്ധതി വഴി നൽകി വരുന്നു.

കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവിൽ സർവീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിട്യൂട്ട് ‘, അധ്യാപക വിദ്യാർഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസർച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങൾ നിലവിൽ സ്ഥാപിതമായിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി. 2(f) അംഗീകാരം, ISO സർട്ടിഫിക്കേഷൻ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ സ്ഥാപനം താണ്ടിക്കഴിഞ്ഞു.

സ്ഥാപനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിൻറെ കേന്ദ്രമാക്കി ഉയർത്തുവാനുള്ള പരിശ്രമത്തിൽ മാനേജ്മെൻറ്, അധ്യാപക- അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശ സ്ഥാപന അധികാരികൾ എന്നിവരുടെ സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം , ഗവേഷണ പദ്ധതികൾ തുടങ്ങിയ മേഖലകൾക്ക് മാനേജ്മെൻറ് ഇനി പ്രത്യേക പരിഗണന നൽകുമെന്ന് സാഫി ട്രാൻസ്ഫർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുൽ റഹീം അഭിപ്രായപ്പെട്ടു.


Reporter
the authorReporter

Leave a Reply