Saturday, November 23, 2024
Art & CultureLatest

കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തു


കോഴിക്കോട് : കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തുഅമേരിക്കന്‍ എഴുത്തുകാരുടെ സംഘടനായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന)യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നടപ്പാത: സമകാല അമേരിക്ക‍ന്‍ മലയാള

സാഹിത്യത്തിലൂടെ സര്‍ഗ സഞ്ചാരം’ എന്ന പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ എ പ്ലസ് ഗ്രന്ഥാലയങ്ങള്‍ക്കും നൽകുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് ദര്‍ശനം സാംസ്കാരികവേദി എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്നു.സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്ത ആദ്യപുസ്തകം ഗ്രന്ഥശാല സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ നോവലിസ്റ്റ് ഷീലാ ടോമിയില്‍ നിന്നും ഏറ്റുവാങ്ങി.

വിവിധ അമേരിക്കന്‍ എഴുത്തുകാരുടെ ചെറുകഥകളും കവിതകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം തപാലിൽ അതാതു ഗ്രന്ഥശാലകളിൽ പ്രസാധകരായ കണ്ണൂരിലെ നിധി എത്തിക്കും. ദര്‍ശനം പ്രസിഡണ്ട് പി സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. നിധി ബുക്സി ലെ മെന്റർമാരായ ലിജിന കൃഷ്ണന്‍, ദേവഗിരി കോളേജ് ഇംഗ്ളീഷ് അധ്യാപകൻ റോബിന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ അരുൺ എഴുത്തച്ഛന്റെ മതപ്പാടുകൾ എന്ന പുസ്തകചർച്ച സാമൂഹ്യ പ്രവർത്തക വി പി സുഹറ നയിച്ചു. അമേരിക്കയിൽ നിന്ന് ലാന പ്രതിനിധി എഴുത്തുകാരൻ എസ് അനിലാലും ഛത്തീസ്ഘട്ടിൽ നിന്ന് അരുൺ എഴുത്തച്ഛനും ഓൺലൈനിൽ ചർച്ചയിൽ പങ്കെടുത്തു.ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോണ്‍സണ്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സതീശന്‍ കൊല്ലറക്കല്‍ നന്ദിയും പറഞ്ഞു.

ദര്‍ശനം ഓൺ ലൈൻ വായനാമുറിയില്‍ നല്കിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ വിജയികളായവര്‍ക്കും പ്രതിദിന വിജയികള്‍ക്കും ചടങ്ങില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിജയികളായ അമേരിക്കന്‍ എഴുത്തുകാരായ കാലിഫോർണിയിൽ നിന്നുള്ള ലൈലാ അലക്സ്, ന്യൂയോർക്കിൽ നിന്നുള്ള ജോസ് ചെരിപുറം എന്നിവര്‍ക്കുവേണ്ടി ഷീലാ ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത് ‘, ‘ വല്ലി ‘ എന്നിവ കയ്യൊപ്പ് ചാർത്തി ദര്‍ശനം പ്രസിഡണ്ട് പി. സിദ്ധാര്‍ത്ഥന് കൈമാറി.

പ്രദേശത്തുനിന്നും ഉന്നതവിജയം നേടി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച നീതു വി കെ യെ ഈ ചടങ്ങില്‍ അനുമോദിച്ചു.


Reporter
the authorReporter

Leave a Reply