കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇത്തവണ കേന്ദ്രസർക്കാരിൻ്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയതെന്നും അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും.
മോദി ഗ്യാരൻ്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാർമ്മികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകും. ജൂൺ നാലിന് ശേഷം ഇരു മുന്നണികളിൽ നിന്നും നിരവധി വലിയ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഭാര്യ ഷീബയുടെയും മകൾ ഗായത്രി ദേവിയുടെയും കൂടെയായിരുന്നു സുരേന്ദ്രൻ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയത്.