Tuesday, October 15, 2024
EducationLatest

എം.എൽ.എയുടെ വാക്ക് പൊന്നായി; കക്കാട് ഗവ. എൽ.പി സ്‌കൂളിന് 1 കോടി 34 ലക്ഷം രൂപ


മുക്കം: പറഞ്ഞ വാക്ക് പൊന്നാക്കി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കക്കാട് ഗവ. എൽ.പി സ്‌കൂളിലെ പുതിയ നിർമാണ പ്രവൃത്തികൾക്കായി ഒരു കോടി 34 ലക്ഷം രൂപ വകയിരുത്തിയതായി എം.എൽ.എ അറിയിച്ചു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് ഇത്രയും തുക അനുവദിച്ചത്. 2022 മാർച്ച് ഏഴിന് കക്കാടിൽ നടന്ന വിഷൻ 2025 പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് അറിയിച്ചത്. 2 കോടി 22 ലക്ഷം രൂപ വരുന്ന വിഷൻ 2025 പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിയിലേക്കാണ് 1 കോടി 34 ലക്ഷം രൂപ എം.എൽ.എ നീക്കിവെച്ചത്.

സ്‌കൂളിനായി കച്ചവടമാക്കിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് അത്യാധുനിക നിലയിലുള്ള കൂറ്റൻ കെട്ടിട സമുച്ചയം പണിയുക. എം.എൽ.എയുടെ പി.എസ് ഹനീഫ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്‌കൂളിലെത്തിയാണ് ഫണ്ട് സംബന്ധിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾ അധികം വൈകാതെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ഭരണാനുമതി ലഭിക്കുന്നതിന്റെ മുന്നോടിയായി പദ്ധതി നിർവഹണം നടത്തുന്ന കോഴിക്കോട് കലക്ടറേറ്റിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. പി.ഡബ്ല്യൂ.ഡി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഉമൈബ, അസി. എൻജിനീയർ സൂര്യ, എം.എൽ.എയുടെ സെക്രട്ടറി ഹനീഫ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളും പദ്ധതി സ്ഥലങ്ങളും സന്ദർശിച്ച് അവശ്യമായ നിർദേശങ്ങൾ നൽകി. ആർകിടെക്ട് പി ജാഫറലി പ്രാദേശികമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തത്വത്തിൽ സ്വീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

1957-ൽ സ്ഥാപിച്ച സ്‌കൂൾ പാഠ്യ-പാഠ്യോതര രംഗത്തെല്ലാം മാതൃകയാംവിധം ബുഹുമുഖ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. അക്കാദമിക മികവിനൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന നൂതനവും വൈവിദ്ധ്യമാർന്നതുമായ പദ്ധതി ഇതിന്റെ പ്രത്യേകതയാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി കക്കാടിനെ ഉയർത്താനും വിഷൻ 2025 പദ്ധതി (Versatile Innovative School Initiatives and Opportunities New 2025 – ബഹുമുഖ നൂതന സ്‌കൂൾ സംരംഭങ്ങളും പുതിയ അവസരങ്ങളും) ലക്ഷ്യമിടുന്നു. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 275-ലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ മൂന്ന് ക്ലാസ് റൂമുകൾ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നേരത്തെ എടുത്ത 9.3 സെന്റിന് പുറമെ പുതുതായി കച്ചവടമാക്കിയ 12 സെന്റ് സ്ഥലംകൂടി ഉപയോഗിച്ചാണ് അത്യാധുനിക നിലയിലൂള്ള ഹൈടെക് കെട്ടിട സമുച്ചയം യാഥാർത്ഥ്യമാവുക. പുതിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ ഈ മാസം പൂർത്തിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാടിന്റെ സ്വപ്‌നപദ്ധതിക്ക് നിറം പകരാൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രദേശത്തെ എല്ലാവരും ഒറ്റക്കെട്ടാണ്.

ഈ അവധിക്കാലത്ത് സ്‌കൂളിലെ കുട്ടികൾക്കായി നടത്തിയ ഒരുമാസത്തോളം നീണ്ടുനിന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം കുട്ടികളിലും രക്ഷിതാക്കളിലും വൻ ചലനമാണുണ്ടാക്കിയത്. രണ്ട് എസ്.സി കോളനികളിലേതുൾപ്പെടെ വളരെ സാധാരണക്കാരായ ബഹുഭൂരിപക്ഷം മക്കളും പഠിക്കുന്ന സ്‌കൂളിനെ മാറുന്ന പുതിയ കാലത്തിന് മുമ്പേ നടത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സ്‌കൂൾ അധികൃതരും നാട്ടുകാരും. എം.എൽ.എയുടെ ഇടപെടൽ സ്‌കൂളിന്റെ മുഖഛായ മാറ്റുന്നതോടൊപ്പം നാടിന്റെ വിദ്യാഭ്യാസ സാമൂഹിക ഭൂപടത്തിൽ പുത്തൻ ഏടുകൾ തുന്നിച്ചേർക്കാൻ വലിയൊരു അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഡിജിറ്റൽ സ്മാർട്ട് ക്ലാസ്മുറികൾ, അന്താരാഷ്ട്ര നിലവാരമുള്ള സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ, ഹൈടെക്ക് കിച്ചൺ ആൻഡ് കാന്റീൻ, വിശാലമായ ലൈബ്രറി, പൊതുസ്റ്റേജ്, ജൈവ വൈവിദ്ധ്യ ഉദ്യാനം, ലിങ്ക്വിസ്റ്റിക് ലാബ്, ടാലന്റ് ലാബ്, ഓഡിറ്റോറിയം, ടറഫ് മൈതാനം, പ്രാദേശിക ചരിത്രം വ്യക്തമാക്കുന്ന ഡിജിറ്റൽ ആർക്കൈവ് എന്നിങ്ങനെയുള്ള വിവിധ സൗകര്യങ്ങളും പുതിയ സ്‌കൂൾ സമുച്ചയത്തിലും അതോട് ചേർന്നുമുണ്ടാവും. കരിയർ ഗൈഡൻസ്, സ്‌കോളർഷിപ്പ് ആൻഡ് കൗസലിങ് സെന്റർ എന്നിവയിലും അനുബന്ധ സേവനം ഉറപ്പാക്കും. 15000ത്തിലേറെ സ്‌ക്വയർ ഫീറ്റിൽ പൂർണമായും സൗരോർജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹരിതസൗഹൃദ വിദ്യാലയമാണ് വിഷൻ 2025 പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.സി റിയാസ് പറഞ്ഞു.

ഇന്ന് സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥ ദൗത്യസംഘത്തെ വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, എസ്.എം.സി ചെയർമാൻ കെ.സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കെ.സി, വൈസ് പ്രസിഡന്റ് മുനീർ പാറമ്മൽ, പി.ടി.എ മുൻ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, എടക്കണ്ടി അഹമ്മദ് കുട്ടി, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം ജാവിദ് ഹുസൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് കാര്യങ്ങൾ വിശദീകരിച്ചു.

 


Reporter
the authorReporter

Leave a Reply