Wednesday, December 4, 2024
General

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീംകോടതിക്ക് ബാധ്യതയെന്ന് മന്ത്രി ബിന്ദു, പ്രതികരിച്ച് ശൈലജയും


തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയത്. പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലാലോയെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്. പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

യുവനടിയുടെ ബലാത്സം​ഗം പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. കേസിൽ നടൻ സിദ്ദിഖിന് ആശ്വാസമായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചുപരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു.


Reporter
the authorReporter

Leave a Reply