കോഴിക്കോട് : കുടുംബങ്ങളിലെ ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. മാങ്കാവ് കിണാശ്ശേരിയിലെ പ്രമുഖ കുടുംബമായ മണലൊടി കുടുംബ സമിതിയുടെ 28 – ആം വാർഷിക ആഘോഷത്തിൽ കുടുംബ സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
സംസ്ഥാനത്ത് വർഷം 1 ലക്ഷം പേരിൽ 25 പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. വിദ്യഭ്യാസം കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്. എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന് ആത്മ പരിശോധന നടത്തണമെന്ന് മന്ത്രി പറഞ്ഞു. കുടുംബം എന്നത് ഒരു മരത്തിന്റെ ചില്ല പോലെ വിവിധ ദിശയിലേക്ക് വളരും എന്നാൽ അടിവേര് അന്വേഷിച്ചാൽ ഒന്നാണെന്ന് വ്യക്തമാകും.സ്വന്തത്തിലേക്ക് ചുരുങ്ങുന്നതിന് പകരം സമൂഹത്തിലേക്ക് വ്യാപരിക്കാൻ കഴിയണം .പരസ്പരം പരിഗണിക്കുന്നതോടൊപ്പം സഹജീവികളെ ഏത് പ്രതിസന്ധിയിലും ചേർത്ത് പിടിക്കാൻ സാധിക്കുക എന്നതാണ് മാനവികത നൽകുന്ന സന്ദേശം ഇതിന് കുടുംബ സംഗമം പോലുള്ള ഒത്തു ചേരൽ ഗുണം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബ സമിതി ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
തുടർന്ന് കിണാശേരി ഗവ. സ്കൂളിന് സമർപ്പിച്ച മണലൊടി കുഞ്ഞിക്കോയ ഹാജി മെമ്മോറിയൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കുഞ്ഞിക്കോയ ഹാജിയുടെ മൂത്ത മകൾ അത്തോളി സ്വദേശി സൈനബ ഹജ്ജുമ്മ നിർവ്വഹിച്ചു.
കുടുംബ സമിതി പ്രസിഡന്റ് അസ് ലം മണലൊടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോർപ്പറേഷൻ ടാക്സ് – അപ്പീൽ വിഭാഗം ചെയർമാൻ പി.കെ നാസർ, വാർഡ് കൗൺസിലർമാരായ ഈസാ അഹമ്മദ്, സാഹിദ സുലൈമാൻ കൂടാതെ ഹനീഫ മണലെടി ബർഫീഖ് മണലൊടി , അസീസ് മണലൊടി,മെഹറൂഫ് മണലൊടി, എം കെ എം കുട്ടി എന്നിവർ സംസാരിച്ചു
വിവിധ മത്സര പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം നൽകി. വാര്യൻ കുന്നൻ പുസ്ക രചയിതാവ് റമീസ് മുഹമ്മദ്, മുൻ കൗൺസിലർ എ അപ്പുട്ടി, മാങ്കാവ് ജംഗ്ഷനിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ട്രാഫിക്കിൽ
വാഹന ഗതാഗതം നിയന്ത്രിക്കുന്ന കെ അബൂബക്കർ, കോയ ഹസ്സൻ കുട്ടി എന്നിവരെ ആദരിച്ചു. കലാകായിക മത്സരങ്ങളും, സ്ത്രീകൾക്ക് പുഡ്ഡിംഗ്, മൈലാഞ്ചി അണിയൽ മത്സരങ്ങളും സംഘടിപ്പിച്ചു.