മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ തയ്യാറെടുത്ത് പൊലിസ്. ഇതിനായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലിസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി.
കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത് എന്നുമാണ് മേയറുടെ വാദം. മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ആര്യ രാജേന്ദ്രൻ അറിയിച്ചു.
ആര്യ രാജേന്ദ്രനും സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് നടുറോഡിൽ സീബ്രാ ലൈനിൽ കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവത്തിന്റെ ദൃശ്യങ്ങളും സിസിടിവി ചിത്രവും ഉൾപ്പെടെ പുറത്തുവന്നിരുന്നു.