കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നായിരുന്ന മാവൂർ റയോൺസ് അടച്ചു പൂട്ടിച്ചതിന് പിന്നിൽ എളമരം കരീമും, സിപിഎമ്മും ആണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡി എ സ്ഥാനാർഥി എം ടി രമേശ്. മാനേജുമെന്റുമായി സിഐടിയു- സിപിഎം , മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് ഫാകറ്ററി പൂട്ടിയതെന്നും, എന്നാൽ ഇപ്പോൾ എളമരം കരീമിന്റെ നേതൃത്വത്തിൽ നുണ പ്രചാരണം നടക്കുകയാണെന്നും എം ടി രമേശ് ആരോപിച്ചു. ഗ്വാളിയോർ റയോൺസ് അടച്ചു പൂട്ടിയത് കഴിഞ്ഞ നൂറ്റാണ്ടിലൊന്നുമല്ല. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് തൊഴിലാളി സമരത്തിന്റെ പേരിൽ ഫാക്ടറി അടച്ചു പൂട്ടിയത്. കേട്ട് കേൾവിയില്ലാത്ത വിധത്തിലാണ് തൊഴിലാളി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒരു ഫാകറ്ററി അടച്ചു പൂട്ടിയത്. എംടി രമേശ് വ്യക്തമാക്കി. മാവൂർ റയോൺസ് പൂട്ടിയതിന് പിന്നിൽ മാനേജ്‌മെന്റിന്റെ തീരുമാനം ആയിരുന്നെന്നും, പൾപ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയായിരുന്നു കാരണം എന്നുമുള്ള എൽ ഡിഎഫ് പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു എം ടി രമേശ്.
മാവൂർ ഗ്വാളിയോർ റയോൺസ് പൂട്ടേണ്ടി വന്ന സാഹചര്യം കണ്ടിട്ടുള്ള ധാരാളം ആളുകൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്. ജോലി നഷ്ട്ടപ്പെട്ട, പട്ടിണിയിലായ നിരവധി ആളുകൾ ഇന്നും ഇവിടെയുണ്ട് . അവരെ പരിഹസിക്കുകയും, അവരുടെ ഓർമ്മകളെ വെല്ലുവിളിക്കുകയുമാണ് എളമരം കരീം എന്നും എം ടി രമേശ് കുറ്റപ്പെടുത്തി. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം മൂലമാണ് ഫാക്ടറി പൂട്ടിയതെന്ന കരീമിന്റെ വാദം അങ്ങേയറ്റം പരിഹാസ്യമാണ്. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യമായിരുന്നു കാരണം എങ്കിൽ എന്തിനാണ് അവിടെ തൊഴിലാളി സമരം നടന്നതെന്നും എംടി രമേശ് ചോദിച്ചു.
വര്ഷങ്ങളോളം നടന്ന തൊഴിലാളി സമരത്തിനൊടുവിൽ, ഒരു നിലയ്ക്കും ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ നിലപാട് കാരണമാണ് ബിർളയ്ക്ക് സ്ഥാപനം പൂട്ടേണ്ടി വന്നത്. തൊഴിലാളി സംഘടനകളുടെ പേരിൽ,ചിലർ കാണിച്ച മർക്കട മുഷ്ടി മൂലമാണ് ഫാക്ടറി പൂട്ടിയത്. എളമരം കരീമിന്റെ നേതൃത്വത്തിൽ അനാവശ്യ ആവശ്യങ്ങൾ ഉയർത്തി നടത്തിയ സമരം മൂലമാണ്, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഫാക്ടറി പൂട്ടിയത്.സി ഐടിയു നേതാക്കളുടെ സമ്മതത്തോടെയാണ് ഫാകറ്ററി പൂട്ടിയത്. എംടി രമേശ് ആരോപിച്ചു.
അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം മൂലമാണ് ഫാക്ടറി പൂട്ടിയതെങ്കിൽ, എന്ത് കൊണ്ട് ഫാക്ടറിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറായില്ലെന്നും എം ടി രമേശ് ചോദിച്ചു. സി.ഐ.ടി.യുവും, എസ്.ടി.യുവും ഒരുമിച്ചു സമരം ചെയ്താണ് ഫാക്റ്ററി പൂട്ടിച്ചതെന്നും, തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎമ്മും, എളമരം കരീമും നടത്തുന്ന പ്രചാരണം പച്ചക്കള്ളം ആണെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.