ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍. തിരുവണ്ണാമലൈ ക്ഷേത്രത്തിന് സമീപം മൂന്നോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്.
തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്‌വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത വെള്ളക്കെട്ടും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 48.4 സെന്റിമീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് ലഭിച്ചത്. പുതുച്ചേരിയില്‍ മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം ഉണ്ടായ റെക്കോഡ് മഴയാണിത്. പുതുച്ചേരിയിലെ മഴക്കെടുതികളില്‍ നാലുപേര്‍ മരിച്ചതായി ജില്ല കലക്ടര്‍ കുലോത്തുംഗന്‍ അറിയിച്ചു.
ഞായറാഴ്ച തമിഴ്‌നാട് തിരുവള്ളൂരില്‍ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഒരു ബാലന്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടിലും മരണസംഖ്യ നാലായി ഉയര്‍ന്നു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ വിഴുപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ അതിശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്.
എറണാകുളം, ഇടുക്കി, തൃശൂര്‍,
പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനം വിലക്കി.