General

തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: മാധ്യമത്തിലെ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവെച്ചു

Nano News

കോഴിക്കോട്: മാധ്യമം പത്രത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ലേബർ കമ്മീഷണറെ നിയോഗിക്കാൻ തീരുമാനം. മാർച്ച് 15 ന് ഒരു മാസത്തെ പൂർണ ശമ്പളവും ഏപ്രിൽ 15 മറ്റൊരു പൂർണ ശമ്പളവും വിതരണം ചെയ്യും. മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തൊഴിൽ -വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന നിർണായക യോഗത്തിലാണ് തീരുമാനം. സംയുക്ത ട്രേഡ് യൂണിയൻ സമിതി ഭാരവാഹികൾ, മാധ്യമം എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഈ കാലയളവിൽ നടത്തിയ സ്ഥലംമാറ്റങ്ങളിൽ ജീവനക്കാരുടെ ഭാഗം കൂടി കേട്ട് അനുകൂല സമീപനമുണ്ടാകണമെന്ന് മന്ത്രി മാനേജ്മെൻ്റ് പ്രതിനിധികളോട് നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ മാധ്യമം മനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമം ജീവനക്കാർ സമരം നിർത്തിവെക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം ട്രേഡ് യൂണിയനുകളും അംഗീകരിച്ചു. ഇതോടെയാണ് മൂന്നു മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. അനുകൂല അന്തരീക്ഷമുണ്ടാകുന്നില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു. ശമ്പള കുടിശ്ശികയുടെ കാര്യത്തിലെ നിർദ്ദേശങ്ങൾ പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിലും സ്ഥാപനത്തിലെ തൊഴിൽ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാനുള്ള സർക്കാറിന്റെയും തൊഴിൽ വകുപ്പിന്റെയും തീരുമാനം ആശാവഹമാണെന്ന് കെ യു ഡബ്യു ജെ ഭാരവാഹികൾ വ്യക്തമാക്കി.
ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, സമരസമിതി ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ ചന്ദ്രശേഖരൻ, ജനറൽ കൺവീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ കെ എൻ ഗോപിനാഥ്, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെഎൻഇഎഫ് പ്രസിഡന്റ് വി എസ് ജോൺസൻ, എംജെയു സെക്രട്ടറി സുൽഹഫ്, ടി നിഷാദ്, എംഇയു പ്രസിഡന്റ് ഫസലു റഹ്‌മാൻ, സെക്രട്ടറി കെ സജീവൻ, മാധ്യമം സിഇഒ പി എം സാലിഹ്, സിഎഫ് ഒ സിറാജ് അലി, എച്ച് ആർ മാനേജർ ആസിഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply