യാത്ര പോകാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് കുറെ ദിവസം നീളുന്ന യാത്ര പോകാൻ കഴിയാത്തവർക്ക് ഇതാ കോഴിക്കോട് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടാം.
ആദ്യത്തെ യാത്ര കുട്ടികൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് തന്നെയാകാം. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഉള്ള പ്ലാനിറ്റോറിയം. നിരവധി ശാസ്ത്രകാഴ്ചകളാണ് കുട്ടികൾക്ക് ഇവിടെ കാത്തിരിക്കുന്നത്. അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോഴിക്കോട് ബീച്ച്. നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന ഇടമാണ് ബീച്ച്. കൂടാതെ, പൈതൃകപദ്ധതികളായ കുറ്റിച്ചിറയും തളിയും ബീച്ചിനൊപ്പം തന്നെ സുന്ദരിയായിട്ടുണ്ട്. ബീച്ച് ആസ്വദിച്ചശേഷം അല്പം വിശ്രമത്തിനായി മാനാഞ്ചിറ പുല്‍ത്തകിടിയിലേക്ക് വരാം. എരഞ്ഞിപ്പാലത്തുള്ള സരോവരം ബയോപാര്‍ക്കില്‍ ഇളംകാറ്റേറ്റ് വിശ്രമിക്കാം. ഇവിടെ നിന്ന് കാരപ്പറമ്പ് വഴി ഈസ്റ്റ് ഹില്ലിലേക്കെത്തിയാല്‍ കൃഷ്ണമേനോന്‍ മ്യൂസിയം സന്ദര്‍ശിക്കാം. കുട്ടികള്‍ക്കായി ശലഭോദ്യാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കണ്ടൽക്കാടുകളാല്‍ മനോഹരമായ കടലുണ്ടി
പടര്‍ന്നുപന്തലിച്ച കണ്ടല്‍വനങ്ങളുടെ തണലിലൂടെ പുഴയുടെ ഭംഗി കണ്‍നിറയെക്കണ്ട്, തുരുത്തിലെ കുടിലിലിരുന്ന് ഗ്രാമീണവിഭവങ്ങള്‍ ആസ്വദിച്ച്, വിരുന്നെത്തിയ പക്ഷികളുടെ സൗന്ദര്യം നുകര്‍ന്ന് ഒരു തോണിയാത്രയ്ക്കായി കടലുണ്ടിയിലോട്ട് വരാം. കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ ചുരുങ്ങിയ ചെലവില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്താം.
കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍. മാനാഞ്ചിറയില്‍ നിന്ന് കടലുണ്ടിയിലേക്ക് ബസ് സര്‍വീസുണ്ട്.
തുറമുഖവും ഉരുവും ലൈറ്റ് ഹൗസുമായി ബേപ്പൂർ
ഹൃദ്യമായ കാഴ്ചയൊരുക്കി തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ് ബേപ്പൂർ. ബേപ്പൂരും ചാലിയത്തും അഴിമുഖത്തിന് അഭിമുഖമായി പണിത പുലിമുട്ടുകളാണ് മുഖ്യ ആകര്‍ഷണം. സൂര്യോദയ-അസ്തമയ ദൃശ്യങ്ങള്‍ മറ്റൊരു ഭംഗിയാണ്. ഉരുനിര്‍മാണകേന്ദ്രവും സന്ദര്‍ശിക്കാം.
കോഴിക്കോട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. നഗരത്തില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ട്.
പെരുവണ്ണാമൂഴി ഡാം
കോഴിക്കോട് നഗരത്തില്‍ നിന്ന് 43 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെരുവണ്ണാമൂഴി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസസ് റിസര്‍ച്ചിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്‍ പെരുവണ്ണാമൂഴി ഡാം കാണാതെ മടങ്ങാറില്ല.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ കടിയങ്ങാട് നിന്ന് എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പെരുവണ്ണാമൂഴിയിലേക്കെത്താം.
കക്കയം
വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കക്കയം വിനോദസഞ്ചാരകേന്ദ്രം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിർപ്പിക്കും. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽനിന്ന് വനമേഖലയിലൂടെ അല്ല ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച – ഡാമാണ് കക്കയത്തത്. ഇവിടെ ഹൈഡൽ ടൂറിസം സെൻറർ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം.
കാപ്പാട്
ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്ലാഗ് പദവിയുടെ അംഗീകാരത്തോടെയാണ് കാപ്പാട് സഞ്ചാരികളെ വരവേൽക്കുന്നത്. എട്ടുകോടി രൂപ മുടക്കിയാണ് ബീച്ച് നവീകരിച്ചിരിക്കുന്നത്.
കോഴിക്കോട് നഗരത്തിൽനിന്ന് 18 കിലോമീറ്റർ ദൂരെയാണ് കാപ്പാട്. വെങ്ങളം, തിരുവങ്ങർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ നിന്നൊക്കെ കാപ്പാടുതീരത്തേക്ക് എത്തിച്ചേരാം. ബീച്ചിലേക്ക് പ്രവേശിക്കാൻ മുതിർന്നവർ 25 രൂപയും കുട്ടികൾ 10 രൂപയും നൽകണം.
തോണിക്കടവ്
മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസം പദ്ധതി. കുന്നിൻമുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടിൽനിന്ന് കക്കയത്തേക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ തോണിക്കടവിലെത്താം.
ഇരിങ്ങൽ സർഗാലയ
ഇരുപതേക്കറിൽ പരന്നുകിടക്കുന്ന കരവിരുതിന്റെ ആസ്ഥാനമാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമം. 27 കുടിലുകളിലായി 63 പവിലിയനുകൾ പ്രവർത്തിക്കുന്നു. ഇവ കാണാനും വാങ്ങാനും കഴിയുന്നതോടൊപ്പം നിർമാണവും നേരിൽ മനസ്സിലാക്കാം.
ദേശീയപാതയ്ക്ക് സമീപമാണ് ഇരിങ്ങൽ സർഗാലയ. കോഴിക്കോട് ഭാഗത്തുനിന്ന് ബസിൽ വരുന്നവർ വടകര മൂരാട്പാലം എത്തുന്നതിന് തൊട്ടുമുൻപുള്ള മൂരാട് ഓയിൽമിൽ സ്റ്റോപ്പിൽ ഇറങ്ങണം. ഇവിടെനിന്ന് 200 മീറ്റർ പടിഞ്ഞാറോട്ടുപോയാൽ കോട്ടക്കൽ റെയിൽവേ ഗേറ്റിനരികെയാണ് സർഗാലയഗ്രാമം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് പ്രവേശനഫീസ്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. തിങ്കളാഴ്ച അവധിയാണ്.
വയലട
കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് വയലട. പനങ്ങാട് പഞ്ചായത്തിലെ മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് വയലടയും അതിനോടുചേർന്നുള്ള ചുരത്തോടുമലയും. ഇരുമലകളുടെയും മുകളിലെത്തിക്കഴിഞ്ഞാൽ സമശീതോഷ്ണകാലാവസ്ഥയാണ്. വയലട മലമുകളിലെ മുള്ളൻപാറയാണ് ഏറെ ആകർഷണീയം. ഇവിടെനിന്ന് നോക്കിയാൽ പെരുവണ്ണാമൂഴി ഡാംസൈറ്റും റിസർവോയറും കാണാം. തലയാട് അങ്ങാടിയിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള ചുരത്തോട് മലയിലും ധാരാളം സഞ്ചാരികളെത്താറുണ്ട്.
ബാലുശ്ശേരിയിൽനിന്ന് കുറുമ്പൊയിൽ വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ വയലടയിലെത്താം.കെ.എസ്.ആർ.ടി.സി. ബസ് സർവീസുണ്ട്. തലയാട് അങ്ങാടിയിൽനിന്ന് മണിച്ചേരി മലവഴിയും വയലടയിലെത്താം. ജീപ്പ് സർവീസുണ്ട്.