കോഴിക്കോട്:- താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫuസിയക്കാണ് കടിയേറ്റത്. മുഖത്തും കൈകളിലും ആഴത്തിൽ മുറിവേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനം കുളത്തുചാൽ ബംഗ്ലാവിൽ റോഷന്റെ ഉമമസ്ഥതയിലുള്ളവയാണ് നായ്ക്കൾ. ഇയാളുടെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.