Thursday, November 21, 2024
General

എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി


തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്.ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി 1.17 കോടി ഒമ്പത് വാട്‌സിന്റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റുപോവാതെ കെട്ടിക്കിടക്കുകയാണ്.

ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫിസുകളിലായി കെട്ടിക്കിടക്കുകയാണ്. കെഎസ്ഇബി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവച്ച ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.

എന്നാല്‍ പൊതുവിപണിയില്‍ എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറഞ്ഞത് കെഎസ്ഇബിക്ക് വെല്ലുവിളിയായി. ഇതോടെയാണ് ബള്‍ബ് വിറ്റഴിക്കാന്‍ ഓഫറുമായി കെഎസ്ഇബി രംഗത്തെത്തിയത്. രണ്ട് ബള്‍ബ് എടുത്താല്‍ ഒരു ബള്‍ബ് സൗജന്യമായി ലഭിക്കുമെന്നാണ് കെഎസ്ഇബിയുടെ പുതിയ ഓഫര്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പൂര്‍ണമായും ബള്‍ബ് സൗജന്യമായി ലഭിക്കുമെന്നാണ് പറയുന്നത്.

ഡിഇഎല്‍പി പദ്ധതിയില്‍ വാങ്ങിയ എല്‍ഇഡികളുടെ വാറണ്ടി 2020ല്‍ കഴിഞ്ഞതാണ്. ഇത്തരം ബള്‍ബുകള്‍ വീണ്ടും വില്‍ക്കുന്നത് ചട്ടപ്രകാരം കുറ്റകരവുമാണ്. ഈ സാഹചര്യത്തില്‍ ബള്‍ബുകള്‍ സൗജന്യമായി ആശുപത്രികള്‍ക്കും അങ്കണവാടികള്‍ക്കും നല്‍കാനാണ് തീരുമാനം. പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യമായി എല്‍ഇഡി ബള്‍ബുകള്‍ നല്‍കിയേക്കും.


Reporter
the authorReporter

Leave a Reply