General

മൂന്ന് വര്‍ഷത്തോളം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

Nano News

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ സര്‍ക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 3 വര്‍ഷം പവര്‍കട്ടും രാത്രി ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വ്യക്തമാക്കി കെഎസ്ഇബി . ദിനംപ്രതി വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിനും നിലവിലെ കരാറുകള്‍ക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങി കൊണ്ടിരിക്കുന്നത് . വൈദ്യുതി വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,938 കോടി രൂപയാണു ചിലവായത്. ഇക്കൊല്ലം അതിൽ കൂടുതൽ തുക വേണ്ടിവരുമെന്നാണു കെഎസ്ഇബി വിലയിരുത്തൽ .

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ വായ്പയെടുക്കുകയേ വഴിയുള്ളൂ . ഇതോടെ, നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ഭാരം ജനങ്ങള്‍ക്കുമേല്‍ വരുകയും ചെയ്യും . സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പെന്‍ഷനേഴ്‌സ് കൂട്ടായ്മയുടെ സമ്മേളനത്തില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ തുറന്നുപറഞ്ഞതു പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്. ഉത്തരേന്ത്യന്‍ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞത് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ കാരണമാവുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷം മുതല്‍ യൂണിറ്റിന് 3.49 രൂപ നിരക്കില്‍ സോളര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (SECI) നിന്ന്  രാത്രിയിലെ ഉപയോഗത്തിനുള്‍പ്പെടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എന്നാല്‍ വിതരണ ലൈനില്‍ തിരക്കുള്ള രാത്രി സമയങ്ങളില്‍ ഈ വൈദ്യുതി എത്രമാത്രം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാര്യമാണ്. കരാറിന് റഗുലേറ്ററി കമ്മിഷന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിച്ച് 18 മാസത്തിനു ശേഷമായിരിക്കും വൈദ്യുതി ലഭിക്കുക.


Reporter
the authorReporter

Leave a Reply