Saturday, November 23, 2024
General

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ.

പൊതുജന അഭിപ്രായം കേട്ടതിനുശേഷമാണ് ഇരുട്ടടിക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിനുശേഷം നിരക്കു വർധിപ്പിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനെ അറിയിക്കും. നിലവിലെ താരിഫ് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഈ വർഷവും അതേസമയം പുതുക്കണമെന്ന നിലപാടിലാണ് റഗുലേറ്ററി കമ്മിഷൻ.

2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് അന്തിമ താരിഫ് റഗുലേറ്ററി കമ്മിഷൻ തയാറാക്കി. ജനുവരി മുതൽ മെയ് വരെ യൂനിറ്റിന് 10 പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്കു വർധനവാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും റഗുലേറ്ററി കമ്മിഷൻ ഇതുതള്ളി. 2022ൽ കെ.എസ്.ഇ.ബി നൽകിയ അഞ്ചു വർഷത്തെ ബഹുവർഷ നിരക്ക് പരിഷ്‌കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും 2023ൽ നൽകിയ നാലു വർഷത്തെ നിരക്ക് പരിഷ്‌കരണ ശുപാർശ എട്ടു മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്.

2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു ശുപാർശ. 2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ഇത്തവണ നിരക്ക് പരിഷ്‌കരണ ശുപാർശ വച്ചിരിക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനുമാണ് വർധന നടപ്പാക്കിയത്.


Reporter
the authorReporter

Leave a Reply