Tuesday, October 15, 2024
LatestPolitics

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം പാലാരിവട്ടം മോഡൽ അഴിമതി; അഡ്വ.വി.കെ സജീവൻ


കോഴിക്കോട്:  പാലാരിവട്ടം മോഡൽ അഴിമതിയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലും നടന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ.
കെട്ടിടം അപകടാവസ്ഥയിലാണെന്ന ചെന്നൈ ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട് പൊതു ജന സമക്ഷം പുറത്തിറക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ടെർമിനൽ നിർമ്മാണത്തിന്റെ തുടക്കം മുതൽ വൻ അഴിമതിയാണ് നടന്നത്.കോടികളാണ് ഇതിന്റെ പിന്നിൽ ഒഴുക്കിയത്.പുതുക്കി പണിയാൻ വീണ്ടും കോടികൾ ചിലവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോച്ച ഞായറാഴ്ച കെ.എസ്.ആർ.ടി.സി ടെർമിനലിലേക്ക് മാർച്ച് നടത്തുമെന്നും സജീവൻ കോഴിക്കോട്ടു പറഞ്ഞു.
ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.സുധീർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ടി.റെനീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഒ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.  ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സമുച്ചയം  പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Reporter
the authorReporter

Leave a Reply