Saturday, November 23, 2024
Local News

കേരളത്തിലെ ആദ്യ ബഷീർ മ്യൂസിയം ബുധനാഴ്ച തുറക്കും


കോഴിക്കോട്: സാഹിത്യ നഗരിക്ക് തിളക്കമായി ആദ്യ ബഷീർ മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങി. ‘മതിലുകൾ’ എന്ന് പേരിട്ട ബഷീർ മ്യൂസിയവും വായനാ മുറിയും കോഴിക്കോട് ദയാപുരത്താണ് സജ്ജമായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മ്യൂസിയം പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കും.

ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപക ഉപദേശകരിൽ ഒരാളായ ബഷീറിന്‍റെ കൈയെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്‍റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ച മ്യൂസിയം, എഴുത്തുകാരന്‍റെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരിക മേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.

ഡോ. എം.എം. ബഷീറിന്‍റ ശേഖരത്തിലുള്ള ബഷീർ കൈയെഴുത്തു പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, ഭാർഗവീ നിലയത്തിന്‍റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിന്‍റെ ദിനങ്ങൾ’ ‘കാമുകന്‍റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരന്‍റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്.

സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ഇങ്ങനെയൊരു സാഹിത്യ മ്യൂസിയം നാടിനു സമർപ്പിക്കാനാവുന്നതും സാധാരണ സർക്കാറോ വൻകോർപ്പറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയിൽ ഇതൊന്നുമല്ലാത്ത ദയാപുരത്തിനു പങ്കുചേരാനായതും സന്തോഷകരമാണെന്ന് ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം പറഞ്ഞു.

ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനായ എൻ.പി. ആഷ് ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്‍റെ ക്യൂറേറ്റർ എൻ.പി. ആഷ് ലി പറഞ്ഞു.

ബാംഗ്ലൂർ ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ് ആർക്കിടെക്റ്റ്. ചിത്രകാരനായ കെ.എല്‍ ലിയോൺ കലാപരമായ മേൽനോട്ടം നൽകി. ദയാപുരത്തെ ഒ.എൻ.വി പാർക്ക്, ടാഗോർ നികേതന്‍, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്ത് തന്നെയാണ് ബഷീർ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ഒക്ടോബർ 23 മുതൽ നവംബർ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തിൽ അതിനുശേഷം ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദർശകർക്ക് പ്രവേശനം.


Reporter
the authorReporter

Leave a Reply