Thursday, December 26, 2024
GeneralLatest

സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ചക്കിട്ടപ്പാറ; പ്രഖ്യാപനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു


സംസ്ഥാനത്ത് ആദ്യമായി  ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. അസംഘടിത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് ആദ്യമായി  ചക്കിട്ടപ്പാറ പഞ്ചായത്ത് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓൺലൈനായി  നിര്‍വ്വഹിച്ചു.   ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് തൊഴില്‍ വകുപ്പ്, ക്ഷേമനിധി ബോര്‍ഡ്, ട്രേഡ് യൂണിയനുകള്‍ എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്ത് ഊര്‍ജിതമായി ക്യാമ്പുകള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.  നാട്ടിലെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും അംഗീകൃത രജിസ്ട്രേഷന്‍ കാര്‍ഡ് നല്‍കുന്നതിനാണ് ഇ-ശ്രം പദ്ധതി ആവിഷ്‌കരിച്ചത്.  രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇതിന് നേതൃത്വം നല്‍കിയ ഭരണസമിതി, വകുപ്പ് ഉദ്യോഗസ്ഥര്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.  ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ 4011 പേര്‍ക്ക് നല്‍കിയാണ്  സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച നേട്ടം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്.  സംസ്ഥാനത്ത് ഇതുവരെ 12 ലക്ഷത്തോളം തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരും പദ്ധതിയില്‍ നിന്നും വിട്ടുപോകരുതെന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്റര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കായും തൊഴില്‍ വകുപ്പ് രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply