തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ 10 വർഷം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേരള പൊലീസ്. വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും, അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്ന് കേരള പൊലീസ്. തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു കേരള പൊലീസിന്റെ പ്രതികരണം.
കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം, വിസ്‌മയുടെ ദാരുണാന്ത്യം കഴിഞ്ഞ് 11 മാസം പൂർത്തിയാകുമ്പോഴാണ് വിധി വരുന്നത്. സ്ത്രീധനത്തിനായുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
വിസ്മയക്ക് നീതി കിട്ടിയതിൽ കേരള പോലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി.
