കോഴിക്കോട് :ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളം ഏറെ
പിന്നിലെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി പശുപതികുമാർ പരശ് .
ആർ.എൽ.ജെ.പി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാർ പോലുള്ള സംസ്ഥാനങ്ങളെക്കാൾ ഏറെ പിന്നിലാണ് കേരളത്തിന്റെ അവസ്ഥ. ഈ മേഖലയിൽ കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് ഏറെ പ്രോത്സാഹനം തന്റെ ഭാഗത്തു നിന്നുണ്ടാകും.
ഭക്ഷ്യ സംസ്കരണ രംഗത്ത് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ 35%സബ്‌സിഡി നൽകുന്നുണ്ട് ,അത് തിരിച്ചടക്കേണ്ടതില്ല. ആദിവാസി ദളിത് വിഭാഗങ്ങൾ ആരംഭിക്കുന്ന സ്ഥാപനം ആണെങ്കിൽ തിരിച്ചടക്കേണ്ടതില്ലാത്ത 50%സബ്‌സിഡി നൽകുന്നുണ്ടെന്നും പക്ഷേ ഇതിനു വേണ്ടത്ര പ്രചാരണം കേരളത്തിൽ കിട്ടിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
രണ്ടാം അംബേദ്ക്കറായിരുന്നു രാംവിലാസ് പാസ്വാനെന്നും പാവങ്ങളുടെ മിശിഹ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2024 ലെ തെരഞ്ഞെടുപ്പിലും എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരികയും ആർ.എൽ .ജെ .പിയും മന്ത്രി സഭയുടെ ഭാഗമായുണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
ചാലപ്പുറം കേസരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ സെക്രട്ടറി ജിയ ലാൽജി, ജനറൽ സെക്രട്ടറി ചീഫ് സാജൂ ജോയ്സൺ, സീനിയർ വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ വയിലത്തൂർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ കെ ടി അഭിലാഷ്, റീജ വിനോദ് , രാജൻ ചൈത്രം,
സ്റ്റേറ്റ് സെക്രട്ടറി കെ മുഹമ്മദ് ബഷീർ,രാംദാസ് വൈദ്യർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ മേഖലയിലെ പുരസ്ക്കാരം ദീപക് ധർമ്മടം (ദൃശ്യ മാധ്യമം), ജോജു സിറിയക് ( അച്ചടി മാധ്യമം) എന്നിവർക്കും വ്യവസായ, വാണിജ്യ മേഖലകളിലെ ഷാനവാസ്, എം. രമേശ്, ഡോ. ജെറി മാത്യൂ, ഡോ. ഷാനു, അബ്ദുൾ റഹ്മാൻ, സുധീർ ബാബു എന്നിവരെയും ആദരിച്ചു.
സംസ്ഥാന ട്രഷറർ കെ.ടി. തോമസ് സ്വാഗതവും ജില്ല പ്രസിഡന്റ് അരുൺ കുമാർ കാളക്കണ്ടി നന്ദിയും പറഞ്ഞു. രാവിലെ കണ്ണഞ്ചേരി ഗണപതി ക്ഷേത്രത്തിൽ കേന്ദ്ര മന്ത്രി ദർശനം നടത്തി.