ബേപ്പൂർ:നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസം വകുപ്പ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്ന വാട്സ്ആപ്പ് വിർച്വൽ അസിസ്റ്റന്റ് ‘മായ’യെ മന്ത്രി പരിചയപ്പെടുത്തി.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ബേപ്പൂർ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാരമേഖലകളിലൂടെ സ്ത്രീകൾ നടത്തുന്ന ടൂ വീലർ യാത്ര ഗോതീശ്വരം ബീച്ചിൽ നിന്നും ആരംഭിച്ചു. ബേപ്പൂർ ബീച്ച്, ചാലിയം പുലിമൂട്ട്, പുഴക്കരപ്പള്ളി ചാലിയം, കടലുണ്ടിക്കടവ് പാലം, കടലുണ്ടി പക്ഷി സങ്കേതം, കടലുണ്ടി കണ്ടൽ വനം, കാൽവരി ചർച്ച്, നല്ലൂർ ക്ഷേത്രം എന്നീ മേഖലകളിലൂടെയാണ് യാത്ര.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിൽക്കപ്പെടേണ്ടി വരുന്ന സ്ത്രീകൾക്ക് അന്യമായ സ്വതന്ത്രമായ യാത്രകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബേപ്പൂരിൻ്റെ പ്രകൃതിഭംഗിയും, സാംസ്കാരിക തനിമയും, പൈതൃക കേന്ദ്രങ്ങളും കോർത്തിണക്കിക്കൊണ്ട് സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന യാത്രയാണ് ‘സ്വതന്ത്ര യാത്രിക’
വാർഡ് കൗൺസിലർമാരായ സുരേഷ് കൊള്ളറത്ത്, വാടിയിൽ നവാസ് എന്നിവർ ആശംസ പറഞ്ഞു. വേൾഡ് ഓഫ് വുമൺ സ്ഥാപക കെ. സി. അഫ്സീന സ്വാഗതവും ഡി ടി പി സി സെക്രട്ടറി നിഖിൽദാസ് നന്ദിയും പറഞ്ഞു.