Tuesday, October 15, 2024
GeneralLatest

അനുപമ നിരാഹാര സമരം തുടങ്ങി


തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആർക്കാണ് വിറ്റത്, ദുരൂഹത അന്വേഷിക്കുക’ എന്ന ബാനറുമായാണ് അനുപമയും ഭർത്താവും ഏകദിന നിരാഹാര സമരത്തിനെത്തിയത്.

അമ്മയെന്ന പരിഗണന തനിക്ക് കിട്ടിയില്ലെന്നും നീതി വേണമെന്നും അനുപമ പ്രതികരിച്ചു. നേരത്തെ അവഗണിച്ചവരാണ് ഇപ്പോൾ ഇടപെടുന്നതെന്നും കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷ നൽകിയത് ഇപ്പോൾ മാത്രമാണെന്നും അനുപമ പറഞ്ഞു. ഞങ്ങൾക്ക് പോലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടുമില്ല എന്നും അനുപമ പറഞ്ഞു.

അതേസമയം കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പോലീസ് ആലോചിക്കുന്നത്. ശക്തമായ നിലപാടുമായി അനുപമ  രംഗത്തെത്തിയതോടെ അനുനയ ശ്രമവുമായി സി.പി.ഐ.എം നേതൃത്വവും രം​ഗത്തെത്തി. പരാതിക്കാരിയായ അനുപമയ്ക്കൊപ്പമാണ് സി.പി.ഐ.എം എന്ന് സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ. ഒരുതരത്തിലുള്ള തെറ്റിനേയും സി.പി.ഐ.എം പിന്താങ്ങില്ലെന്നും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് നിയമപരമായ സഹായങ്ങൾ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply