കോഴിക്കോട്: വയനാട് ദുരന്ത മുഖത്തെ അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി മോണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ മലയിറങ്ങി. ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ ‘അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി കേരള എഡ്യൂക്കേഷൻ കൗൺസിലിൻ്റെ നാൽല്പത്തിമൂന്ന് മോണ്ടിസ്സോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി.
സാമൂഹ്യ നീതി വകുപ്പിൻ്റെ നിർദേശപ്രകാരം ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്ന കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും ജീവിത നൈപുണ്യ പരിശീലനത്തിനുമാണ് കേരള എജുക്കേഷൻ കൗൺസിലിനു കീഴിലെ പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നിന്നുള്ള മോണ്ടിസോറി പ്രിൻസിപ്പൽമാരും വിദ്യാർത്ഥിനികളും മേപ്പാടിയിലെത്തിയത്.
പതിനൊന്നോളം ദുരിതശ്വാസ ക്യാമ്പുകളിൽ ഇവർ എത്തി.
കോഴിക്കോട് നിന്ന് അഞ്ചു ദിവസം മുൻപ് പുറപ്പെട്ട ഇവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ക്യാമ്പുകളിലും കുട്ടികൾക്കായുള്ള കുട്ടിയിടങ്ങൾ കേന്ദീകരിച്ച് ഗെയിം സോൺ അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു. വയനാട്
ജില്ലാ വനിതാ- ശിശു വികസന ഓഫീസറുടെ നിർദേശാനുസരണം, ഇവർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ, ഏറെ ചാരിതാർഥ്യത്തോടെ ഇനിയും തിരിച്ചു വരണമെന്ന അഭ്യർഥനയോടെയാണ് യാത്രയാക്കിയത്.
സൈക്കോ- സോഷ്യൽ കൗൺസിലർമാരടക്കം വന്നപ്പോഴും മനം തുറക്കാത്ത കുട്ടികൾ ഈ മോണ്ടിസോറി വിദ്യാർത്ഥിനികളുമായി ഏറെ അടുത്തിടപഴകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്ന് യാത്രാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ ക്യാമ്പംഗങ്ങളെ സന്ദർശിച്ചത് കൂടുതൽ ഊർജം പകർന്നു.
തിരിച്ച് ചുരമിറങ്ങി തങ്ങളുടെ ജില്ലകളിലേക്ക് പോകുന്ന മോണ്ടിസോറി ടീച്ചർ ട്രയിനീസിന് കോഴിക്കോട് നഗരത്തിൽ വച്ച് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെയും ഭദ്രത സ്വയം സഹായ സംഘത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, ഭദ്രത സ്വയംസഹായ സംഘം ജോയിൻ്റ് സെക്രട്ടറി എം കെ സജീവ്കുമാർ, കേരള എജുക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറക്കൽ സതീശൻ, പി രേഷ്മ (പ്രിൻസിപ്പാൾ, കെഇസി കോഴിക്കോട്)
സൗബാനത്ത് (അധ്യാപിക, കെ.ഇ.സി കാവനൂർ)നീതു സിജോ (അധ്യാപിക, കെഇസി തൃശ്ശൂർ) വിജിലസുനിൽകുമാർ (അധ്യാപിക, കെഇസി വടകര) പ്രേമലത ( അധ്യാപിക, കെഇസി കാഞ്ഞങ്ങാട് ) ലത (അധ്യാപിക, KEC ചീമേനി) അക്കാഡമിക് ഡയറക്ടർ രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിനികൾ ക്യാമ്പനുഭവങ്ങൾ സദസുമായി പങ്കുവച്ചു. ക്യാമ്പംഗങ്ങൾക്ക് നഗരത്തിൻ്റെ ആദരപത്രം ഡപ്യൂട്ടി മേയർ കൈമാറി.
കെ ഇ സി ചെയർമാൻ പ്രതാപ് മൊണാലിസ നന്ദി പറഞ്ഞു.