കോഴിക്കോട്: സംസ്ഥാന മൊട്ടുക്ക് സ്കുളുകൾ തുറന്നു.സിറ്റി ഉപജില്ലയിലെ കാരപ്പറമ്പ് ഗവ.എൽ.പി സ്കൂൾ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതർ നിരത്തുന്ന വാദം.എന്നാൽ സ്കൂൾ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ധേഹം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സ്കൂൾ സന്ദർശിച്ചു. 100 ലധികം കുട്ടികൾ പഠിക്കുന്ന പ്രസ്തുത സ്കൂളിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നതു സംബന്ധിച്ച് സ്ഥലം കൗൺസിലർ ശിവ പ്രസാദ് കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു.
സർക്കാറിന്റെയും എം.എൽ.എയുടേയും കോർപ്പറേഷന്റെയും ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു. നാട്ടുകാരെയും രക്ഷിതാക്കളെയും അണിനിരത്തി ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, കൗൺസിലർമാരായ എൻ.ശിവ പ്രസാദ്, നവ്യ ഹരിദാസ്, അനുരാധ തായാട്ട്, ബി.ജെ.പി നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത്കുമാർ, ഏരിയാ പ്രസിഡൻ്റ് പ്രവീൺ തളിയിൽ, അനിൽകുമാർ ചേവായൂർ, ജഗന്നാഥ് ബിലാത്തികുളം എന്നിവരും എം.ടി രമേശിനൊപ്പം സ്ഥലം സന്ദർശിച്ചു.