‘കാണെക്കാണെ’ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം ഹൃദയത്തിൽ തങ്ങി നിന്ന സീൻ ഇതാണ്. അതുവരെ തൊണ്ടയിൽ തളംകെട്ടിയ നിർത്തിയ സങ്കടങ്ങളും ആശങ്കങ്ങളും പറഞ്ഞ് തീർത്ത് സ്നേഹ (ഐശ്വര്യ ലക്ഷ്മി) തന്റെ അച്ഛനെ കെട്ടിപിടിച്ച് പൊട്ടികരയുന്ന സീൻ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ വെറുതെ ഓർത്തു നമ്മളിൽ എത്ര പേർക്ക് ഇങ്ങനെ ദുരഭിമാനം കാറ്റിൽ പറത്തി പൊട്ടിക്കരയാൻ സാധിക്കാറുണ്ടെന്ന്. കരയാൻ നീയെന്താ പെണ്ണാണോ എന്ന് ചോദിക്കുന്നിടത്ത് മുതൽ ഇങ്ങനെ കുട്ടികളെ പോലെ കരയാൻ എന്നെ കിട്ടില്ല എന്ന് പറയുന്നിടം വരെ കണ്ണീർ എന്ന പാവം പിടിച്ച വസ്തുത ദുർബലതയുടെയും നാണക്കേടിന്റെയും പ്രതീകമായി മാറുന്നു എന്നതാണ് കാര്യം. സങ്കടം വന്ന് സകല നിയന്ത്രണങ്ങളും വിട്ടു നിന്നാലും ആൾക്കൂട്ടത്തിൽ കരയാതെ പിടിച്ചു നിൽക്കുന്ന ആൺസുഹൃത്തുക്കളുണ്ടെനിക്ക്. കാര്യം തിരക്കിയാൽ പറയുന്ന കാരണമിതാണ് ഞാൻ ഇത്ര ലോലനാണെന്ന് അവർ കരുതിയാലോ!!. മനുഷ്യൻ എന്ന സൃഷ്ടി ചിരിക്കാനും സന്തോഷിക്കാനും മാത്രം പടച്ചു വെച്ചതാണെന്ന മിഥ്യാധാരണയാണ് ആദ്യം മാറേണ്ടത്. നിങ്ങൾ കെട്ടിപൂട്ടി വെച്ചിരിക്കുന്ന ദുരഭിമാനത്തിനു മുന്നിൽ
ഒന്ന് കരഞ്ഞാൽ തീരുന്ന നിങ്ങളുടെ കുഞ്ഞു സങ്കടങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും. നിങ്ങളുടെ കണ്ണീരോ സങ്കടങ്ങളോ ഒരിക്കലും നിങ്ങളെ മറ്റുള്ളവർക്കിടയിൽ ജഡ്ജ് ചെയ്യാപ്പെടാനുള്ള മാനദണ്ഡങ്ങളല്ല.
‘I AM HAPPY’ എന്ന് പറയുന്നതു പോലെ ഈസിയായി I AM NOT OK എന്ന സ്റ്റേറ്റ്മെൻ്റും normalize ചെയ്യപ്പെടട്ടെ. സന്തോഷങ്ങൾ പോലെ സങ്കടങ്ങളും നിങ്ങളിലെ പച്ചയായ മനുഷ്യനെ പൂർത്തിയാക്കട്ടെ. നിങ്ങളുടെ കണ്ണുനീർ ഇനി ഒരിക്കലും നിങ്ങളുടെ ധൈര്യമില്ലായ്മയായി വായിക്കപ്പെടാതിരിക്കട്ടെ.