കെ റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുമ്പോൾ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർക്കാനാണ് ആലോചന. 14 ജില്ലകളിലേയും സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരും. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കും. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ അതേരീതിയിൽ നേരിടാനാണ് പാർട്ടി തീരുമാനം.
സംവാദത്തിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് മുഖ്യമന്ത്രി അറിയിക്കും. ഇതിലൂടെ എതിർപ്പുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ സര്‍ക്കാരിന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.