ഇന്‍സ്റ്റഗ്രാം റീലെടുക്കാന്‍ 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം
ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കാനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരന്‍ മുങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന പയ്യന്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തില്‍ ചാടിയ യുവാവ് ഉടനെ തന്നെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സുഹൃത്തുക്കള്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂട്ടുകാരാണ് ക്വാറിക്കു മുകളില്‍ നിന്ന് വിഡിയോ ചിത്രീകരിക്കുന്നത്. വെള്ളത്തിലേക്ക് ചാടിയ യുവാവ് അല്‍പസമയം നീന്തുന്നതും പിന്നീട് മുങ്ങിപ്പോവുന്നതും വിഡിയോയില്‍ കാണാം. 100 അടി ഉയരത്തില്‍ നിന്ന് ചാടിയതിന്റെ ആഘാതത്തില്‍ യുവാവിന് നിയന്ത്രണം നഷ്ടമാവുകയും മുങ്ങിപ്പോവുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് കുമാര്‍ കുശ്വാഹയെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപോര്‍ട്ട് ചെയ്തു.