തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മലയാള മനോരമയിൽ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻണ്ടായിരുന്ന സോമനാഥ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്.
നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടതിന് പിന്നാലെ സോമനാഥിനെ നിയമസഭ മീഡിയ റൂമില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആദരിച്ചിരുന്നു. മന്ത്രിമാരും ഭരണ പ്രതിപക്ഷ എംഎല്‍എമാരും, സ്പീക്കറും പങ്കെടുത്തതായിരുന്നു ഈ ചടങ്ങ്. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവിൽ കോട്ടയം,ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. ആഴ്ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകനമായ നടുത്തളവും ഇദ്ദേഹം പതിറ്റാണ്ടുകളോളം എഴുതി.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ. സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.