Thursday, December 26, 2024
HealthLatest

അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലയിൽ വിപുലമായി ആഘോഷിച്ചു ;യോഗാമഹോത്സവ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു


അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി എസ്.കെ. പൊറ്റക്കാട് ഹാളിൽ നടത്തിയ ‘യോഗാമഹോത്സവ്’ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനസിക- ശാരീരികാരോ​ഗ്യത്തിന് ഫലപ്രദമായ വ്യായാമമായും ചികിത്സയായും കാണുന്ന യോ​ഗയെ ജീവിതത്തിന്റെ ഭാ​ഗമാക്കേണ്ടത്  അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ലോകത്താകമാനം യോ​ഗ പരിശീലിക്കുന്ന ഇക്കാലത്ത്  വെറുമൊരു ദിനാഘോഷത്തിൽ ഒതുങ്ങാതെ ഏവരും യോ​ഗ പരിശീലിക്കണം. ശരീരത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു റിമോട്ട് കൺട്രോളർ ആയി യോ​ഗ പരിവർത്തിക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യജീവിതത്തിൽ ഏറെ സഹായകരമായ യോ​ഗയെ ലോകം അം​ഗീകരിച്ചതിന്റെ ഭാ​ഗമായാണ് ഇന്ത്യ മുന്നോട്ടുവെച്ച അന്തരാഷ്ട്ര യോ​ഗാദിനമെന്ന ആശയത്തെ സാർവദേശീയമായി അം​ഗീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘യോഗ മാനവരാശിക്ക്’ എന്ന സന്ദേശത്തോടെ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാ​ഗമായി ഇന്ത്യയിലെ വിവിധയിടങ്ങളിലായി 75 കേന്ദ്രങ്ങളിൽ  ‘യോഗമഹോത്സവ്’ നടത്തി. യോ​ഗ പരിശീലനം ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ നാഷണൽ ആയുഷ് മിഷനു കീഴിൽ 16 ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ ജില്ലയിൽ പ്രവർത്തിച്ചു വരുന്നു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രിയിലെ യോ​ഗ ആൻഡ് നാച്ചുറോപ്പതിക് വിഭാ​ഗം ഡോ. യമുന യോ​ഗാസനങ്ങൾ വിശദീകരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷ്ണർ എ. ഉമേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എ. മൻസൂർ, ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ, ശുചിത്വ മഷൻ ജില്ലാ കോ- ഓഡിനേറ്റർ ഒ. ശ്രീകല, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാ​ഗതവും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ. അനീന പി. ത്യാ​ഗരാജ് നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply