കോഴിക്കോട്: മുക്കത്തെ സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുത്തതിനെ തുടർന്ന് നാട്ടുകാർ കടുത്ത ദുരിതത്തിലായ സാഹചര്യത്തിൽ നിയമം യഥാവിധി പ്രയോഗിക്കാനുള്ള ഇച്ഛാശക്തി മുക്കം നഗരസഭ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
മണ്ണിടിച്ചിൽ ഭീഷണി ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാൻ സ്ഥലം ഉടമകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നിർദ്ദേശം സ്ഥല ഉടമകൾ നടപ്പാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പാക്കണം. മണ്ണിടിച്ചിൽ കാരണം പ്രദേശവാസിയായ ലീലാമണിയുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കണം. അവർ വീട്ടിൽ നിന്നും മാറി താമസിച്ചതു വഴി ചെലവായ തുക നഷ്ടപരിഹാരമായി സ്ഥലം ഉടമകളിൽ നിന്നും ഈടാക്കി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.നഗരസഭയുടെ അനുവാദത്തോടെയാണ് മുക്കം നഗരസഭാ ഡിവിഷൻ 28 ൽ നിന്നും മണ്ണെടുത്തതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് നിന്നും മണ്ണ് നീക്കിയിട്ടുണ്ട്. ഇപ്പോൾ അപകടാവസ്ഥ ഒഴിവായിട്ടുണ്ട്.
എന്നാൽ പ്രദേശവാസിയായ ലീലാമണിയുടെ വീടിന് വൻ ഭീഷണി നിലനിൽക്കുകയാണെന്ന് തിരുവമ്പാടി സെയ്തലവി കമ്മീഷനെ അറിയിച്ചു. തുടർന്ന് കമ്മീഷൻ നഗരസഭാ സെക്രട്ടറിയെയും അസി. എഞ്ചിനീയറെയും നേരിൽ കേട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനമെന്ന നിലയിൽ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചുമതല നഗരസഭക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സ്വീകരിച്ച നടപടികൾ മുക്കം നഗരസഭാ സെക്രട്ടറി 3 മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.