Wednesday, December 4, 2024
Local News

പട്ടികവർഗ വികസനത്തിന് എസ്.ടി പ്രൊമോട്ടർമാരുടെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: എസ്. ടി പ്രൊമോട്ടർമാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതിയിൽ അനുയോജ്യമായ പ്രോജക്ടുകൾ തയ്യാറാക്കി ഫണ്ട് വകയിരുത്തണമെന്ന്

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.പട്ടികവർഗ വികസന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്ലാൻഫണ്ട് പട്ടികവർഗക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പുതുപ്പാടി നാക്കിലമ്പാട് കോളനിലെ ശോചനീയാവസ്ഥക്കെതിരെ പത്രവാർത്തയുടെഅടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിൽ ഉൾപ്പെട്ട നക്കിലമ്പാട് കോളനിയിൽ പട്ടികവർഗ പണിയ വിഭാഗത്തിലുള്ള 18 കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് കോഴിക്കോട് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോളനിയിൽ 11 വീടുകളാണുള്ളത്. ഇതിലേറെയും ജീർണാവസ്ഥയിലുള്ളതാണ്. 9 കുടുംബങ്ങൾ വീടിന് വേണ്ടി ലൈഫ് മിഷനിൽ അപേക്ഷ നൽകിയിരുന്നെങ്കിലും 3 വീടുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വീടും സ്ഥലവുമില്ലാത്ത 5 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ട്. ഇനി 3 കുടുംബങ്ങൾക്ക് കൂടി വീടും സ്ഥലവും ലഭിക്കാനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോളനിക്ക് സമീപം വരെ റോഡ് സൗകര്യമുണ്ടെങ്കിലും കോളനിക്ക് ഉള്ളിലേക്ക് റോഡ് സൗകര്യമില്ല. ഇതിനുവേണ്ടി പഞ്ചായത്തുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികവർഗക്കാരുടെ ഉന്നമനത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply