കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.
മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമെതിരായ ലൈംഗികചൂഷണം ഉൾപ്പെടെ തടയുകയാണ് ഉദ്ദേശ്യം. വിദ്യാർത്ഥികൾ പൊതുസ്ഥലത്തും സമീപത്തെ ക്ഷേത്രപരിസരങ്ങളിലും പോകാറുണ്ടെന്നും പൊതുജനങ്ങൾക്ക്വിദ്യാർത്ഥികളുടെ പെരുമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരാതികൾ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.