Thursday, December 26, 2024
GeneralHealthLatest

ആശുപത്രികള്‍ നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്ത: മന്ത്രി വീണാ ജോര്‍ജ് ;സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജം


തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികള്‍ സുസജ്ജമാണ്. വളരെ കൃത്യമായി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയെല്ലാം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ശരാശരി 1,95,258 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാല്‍ തന്നെ പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3107 ഐസിയു ഉള്ളതില്‍ 43.3% മാത്രമാണ് കോവിഡ്, നോണ്‍ കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററില്‍ ആകെ 13.1% മാത്രമാണ് കോവിഡ്, നോണ്‍ കോവിഡ് രോഗികളുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 206 ഐസിയുകളാണുള്ളത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 40 ഐസിയു കിടക്കകളാണ് കോവിഡിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ 20 കോവിഡ് രോഗികള്‍ മാത്രമേ ഐസിയുവിലുള്ളൂ. രോഗികള്‍ കൂടുകയാണെങ്കില്‍ നോണ്‍ കോവിഡ് ഐസിയു ഇതിലേക്ക് മാറ്റുന്നതാണ്. അതിനാല്‍ തന്നെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്.
തിരുവനന്തപുരം 206, എസ്എടി ആശുപത്രി 31, കൊല്ലം 68, ആലപ്പുഴ 150, കോട്ടയം 237, ഇടുക്കി 50, എറണാകുളം 54, തൃശൂര്‍ 120, മഞ്ചേരി 80, കോഴിക്കോട് 256, കണ്ണൂര്‍ 165 എന്നിങ്ങനെയാണ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു കിടക്കകളുള്ളത്. തിരുവനന്തപുരം 20, എസ്എടി ആശുപത്രി 1, കൊല്ലം 15, ആലപ്പുഴ 11, കോട്ടയം 20, ഇടുക്കി 13, എറണാകുളം 10, തൃശൂര്‍ 7, മഞ്ചേരി 53, കോഴിക്കോട് 14, കണ്ണൂര്‍ 24 എന്നിങ്ങനെ മാത്രമാണ് കോവിഡ് രോഗികളുള്ളത്.
വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്. തിരുവനന്തപുരത്ത് കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ച ആകെയുള്ള 40 വെന്റിലേറ്ററുകളില്‍ 2 എണ്ണത്തില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്. കോഴിക്കോട് കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ച 52 വെന്റിലേറ്ററുകളില്‍ 4 കോവിഡ് രോഗികള്‍ മാത്രമാണുള്ളത്. ഇത്രയേറെ സംവിധാനങ്ങള്‍ ഉള്ള സമയത്ത് തെറ്റായ വാര്‍ത്ത നല്‍കരുത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന നോണ്‍ കോവിഡ് ഐസിയു, വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നതാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പടരാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ കോവിഡിന്റെ ഉറവിടമാകാന്‍ പാടില്ല. സുരക്ഷാമാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണം. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാനുള നടപടികള്‍ സ്വീകരിച്ചു വരുന്നു.
18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. അതിനാല്‍ തന്നെ മഹാ ഭൂരിപക്ഷം പേര്‍ക്കും രോഗ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും തീവ്രമാകാനുള്ള സാധ്യത കുറവാണ്. പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വാക്‌സിനെടുത്താലും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് കരുതല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Reporter
the authorReporter

Leave a Reply