തൃശൂർ: അർബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും കൈത്താങ്ങായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷന്റെ സേവനം ഇനി മധ്യകേരളത്തിലും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അർബുദ ചികിത്സ തേടുന്ന കുട്ടികൾക്കുള്ള “ബാഗ് ഓഫ് ജോയു’ടെ വിതരണത്തോടെ പദ്ധതിക്കു തുടക്കമായി. ഹോപ്പ് ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പൂർണ പിന്തുണ നൽകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു.
വടക്കൻ കേരളത്തിലും വിദേശത്തുമായി പ്രവർത്തിച്ചു വരുന്ന ഹോപ്പ് ഹോംസ് പദ്ധതി തൃശൂരിലും യാഥാർഥ്യമാകുന്നതോടെ നിരവധി കുട്ടികൾക്ക് മികച്ച ചികിത്സാ, ചികിത്സതര സൗകര്യങ്ങൾ ലഭ്യമാകും.
ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. ഹാരിസ് കാട്ടകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുജീബ് “ബാഗ് ഓഫ് ജോയ്’ വീഡിയൊ പ്രകാശനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്റ്റർ ഫാദർ ജൂലിയസ് അറക്കൽ സിഎംഐ, ഡോ. പവൻ മധുസൂദനൻ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ജോർജ് മോർലെ എംജെഎഫ്, ഡോ. സുനു സിറിയക്ക്, അഡ്വ. ഹാഷിം അബൂബക്കർ, ഡോ. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. അസനുൽ ബന്ന സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.
ചടങ്ങിനോട് അനുബന്ധിച്ചു സിഎൽസി തോളൂർ പാരിഷിന്റെ നേതൃത്വത്തിൽ സാംസ്കാരിക നൃത്തം സംഘടിപ്പിച്ചു.