Thursday, December 26, 2024
GeneralLocal News

വിരമിച്ച പമ്പ് ഓപ്പറേറ്റർമാരുടെ ഹയർഗ്രേഡ്: സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൽ നിന്നും പമ്പ് ഓപ്പറേറ്റർമാരായി വിരമിച്ചവരുടെ സർവീസ് ബുക്ക് കാണാതായതിനെ തുടർന്ന് ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന പരാതിയിൽ 2024 ഫെബ്രുവരി 21 ന് പാസാക്കിയ ഉത്തരവ് നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.

സർവീസ് ബുക്ക് പോലെ പ്രധാനപ്പെട്ട രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത നടപടിയെ കമ്മീഷൻ മുൻ ഉത്തരവിൽഅപലപിച്ചിരുന്നു. പരാതിക്കാർ കമ്മീഷനെ സമീപിച്ചതുകൊണ്ട് മാത്രമാണ് സർവീസ് ബുക്ക് തിരികെ ലഭിച്ചത്. ഇല്ലെങ്കിൽ സർവീസ് ബുക്ക് കാണാനില്ലെന്ന സ്ഥിരം പല്ലവി കേട്ട് അവർക്ക് അർഹതപ്പെട്ട സേവനാനുകൂല്യം ത്യജിക്കേണ്ട അവസ്ഥ വരുമായിരുന്നു. ഇപ്രകാരം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന ഉത്തരവാദിത്വ ബോധമില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. പരാതിക്കാർക്ക് നാലാമത്തെ സമയബന്ധിത ഹയർഗ്രേഡ് ഒരു മാസത്തിനകം അനുവദിക്കണമെന്നും കമ്മീഷൻ ഫെബ്രുവരി 21 ലെ ഉത്തരവിൽ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഉത്തരവ് പാസാക്കി 8 മാസം കഴിഞ്ഞിട്ടും ഹയർഗ്രേഡ് അനുവദിച്ചില്ലെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ നിയമപരമായ നടപടി ക്രമമാണെന്നും സിവിൽ കോടതിയുടെ അധികാരത്തിന് അനുസൃതമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചാത്തമംഗലം സ്വദേശി അബൂബക്കറും വേങ്ങരി സ്വദേശി പി.രവീന്ദ്രനും സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply