ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം.
ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥർ ആരായിരുന്നുവെന്നോ എത്ര പേർ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. രാജ്യത്തെ തന്നെ വളരെ പ്രമുഖനായ ഒരു സൈനിക ഉദ്യോഗസ്ഥൻ ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ഒരുപക്ഷേ ദില്ലിയിൽ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്. ജീവനോടെ രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്നവരുടെ ആരോഗ്യനിലയിൽ അതീവ ആശങ്ക തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് എത്തും എന്നും സൂചനയുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇതിനോടകം ഊട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.