കോഴിക്കോട് :കൂടരഞ്ഞി പഞ്ചായത്ത് കൂമ്പാറ വാർഡ്, ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷൻ എന്നിവടങ്ങളിൽ എൽ.ഡി.എഫും ഉണ്ണിക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ വള്ളിയോത്ത് യു.ഡി.എഫും നിലനിർത്തി.
കൂമ്പാറ വാർഡിൽ നിന്ന് നേരത്തെ ജയിച്ച ലിൻഡോ ജോസഫ് എം.എൽ.എ ആയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ
ഇടതു മുന്നണി സ്ഥാനാർത്ഥിയായ ആദർശ് ജോസഫ് 7 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വാർഡ് നിലനിർത്തിയത്.
വാർഡിൽ ഇടതു മുന്നണിക്ക് 447 വോട്ടും യു.ഡി.എഫിന് 440 ഉം ബി.ജെ.പിക്ക് 13 ഉം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 4 വോട്ടും ലഭിച്ചു.
ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാർഡായ വള്ളിയോത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഒ.എം ശശീന്ദ്രൻ 530 വോട്ടിനാണ് ജയിച്ചത്.
വള്ളിയോത്ത് വാർഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ 23 വാർഡുകളിൽ യു.ഡി.എഫ് 10 / എൽ. ഡി.എഫ് 10/ ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു നില. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തിൽ ഉപതിരക്കെടുപ്പ് ഫലം മറിച്ചായിരുന്നെങ്കിൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിക്കുമായിരുന്നു. കാനത്തിൽ ജമീല എം.എൽ.എയായതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫലം എൽ.ഡി.എഫിന് തന്നെ അനുകൂലമായി. എൽ.ഡി.എഫിലെ റസിയ തോട്ടായി 6753 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.