തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖകളിൽ കൂടുതൽ മഴ പെയ്യും. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മറ്റന്നാൾ മുതൽ ഞായറാഴ്ച വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.