കൊയിലാണ്ടി: കണ്ണൂർ കോഴിക്കോട് ദേശീയപാതയിൽ കൂറ്റൻ തണൽമരം ചരക്ക് ലോറിക്ക് മുകളിൽ കടപുഴകി വീണു.പുലർച്ചെ നാലുമണിയോടെ ശക്തമായി പെയ്ത മഴയിലും കാറ്റിലുമാണ് പൊയിൽകാവിന് സമീപം തണൽമരം ഓടികൊണ്ടിരുന്ന ലോറിക്കു മേൽ പതിച്ചത്.പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികളായ ഡ്രൈവറേയും സഹായിയേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.
കൊയിലാണ്ടി കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗം എത്തി മരം നീക്കം ചെയ്തു.വലിയ മരമായതിനാൽ നീക്കം ചെയ്യാൻ ക്രെയിനിൻ്റെ സേവനവും ഉപയോഗപ്പെടുത്തി.അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പതിനൊന്ന് മണിയോടെ ഗതാഗതം സാധാരണ ഗതിയിലായി.